
നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എട്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം നാളെ ഡിസംബര്‍ 8-ന് വിധി പ്രസ്താവിക്കും. മലയാള സിനിമയിലെ ഒരു പ്രമുഖ നടി അതിക്രമിക്കപ്പെട്ടതും, കേസിലെ എട്ടാം പ്രതി ഒരു മുതിര്‍ന്ന നടനാണ് എന്നതുമാണ് ഈ കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്.
സിനിമ നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. അതിജീവിതയും കേസിലെ പ്രധാന പ്രതികളിലൊരാളും സിനിമാ മേഖലയില്‍ നിന്നുള്ളവരാണ് എന്നതും, ഈ കേസില്‍ അതിജീവിത സ്വീകരിച്ച ധീരമായ നിലപാടുകളും വിഷയം ദേശീയതലത്തില്‍ ശ്രദ്ധ നേടാന്‍ കാരണമായി. ഈ അതിക്രമം മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (WCC) എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് വഴി തുറന്നു. തുടര്‍ന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.
കേസിന്‍റെ നാള്‍വഴിയും പ്രധാന വിവരങ്ങളും…..
2017 ഫെബ്രുവരി 17- നടിക്കെതിരെ ക്വട്ടേഷന്‍ പ്രകാരമുള്ള ആക്രമണം.
2017 ഫെബ്രുവരി 23- ഒന്നാം പ്രതിയായ പള്‍സര്‍ സുനി അറസ്റ്റില്‍.
2017 ജൂലായ് 10- കേസിലെ ഗൂഢാലോചനയെ തുടര്‍ന്ന് നടന്‍ ദിലീപ് (എട്ടാം പ്രതി) അറസ്റ്റില്‍.
2017 ഒക്ടോബര്‍ 3 – ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
2018 മാര്‍ച്ച് 8- കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു.
2021 ഡിസംബര്‍ 25- സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
2022 ജനുവരി 4- ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടരന്വേഷണത്തിന് അനുമതി.
2024 സെപ്റ്റംബര്‍ 17- ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു.
2024 ഡിസംബര്‍ 11 – അന്തിമവാദം ആരംഭിച്ചു.
2024 ഡിസംബര്‍ 13 – നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മരണപ്പെട്ടു.
2025 ഏപ്രില്‍ 9 – പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി.
2025 ഡിസംബര്‍ 8- വിധി പ്രസ്താവിക്കുന്ന ദിനം.
കേസ് ഒറ്റനോട്ടത്തില്‍….
ആകെ സാക്ഷികള്‍: 261 പേര്‍
സാക്ഷി വിസ്താരത്തിന് എടുത്ത സമയം: 438 ദിവസം
പ്രോസിക്യൂഷന്‍ ഹാജരാക്കിയത്: 833 രേഖകള്‍, 142 തൊണ്ടിമുതലുകള്‍
കൂറുമാറിയ സാക്ഷികള്‍: 28 പേര്‍
പ്രതിപ്പട്ടികയില്‍: 10 പേര്‍ (നടന്‍ ദിലീപ് എട്ടാം പ്രതി)
ചുമത്തിയ കുറ്റങ്ങള്‍….
മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
2018-ലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, കോവിഡ് ലോക്ഡൗണ്‍ കാരണം ഏകദേശം രണ്ട് വര്‍ഷത്തോളം വിചാരണ തടസ്സപ്പെട്ടു. ഇത് കാരണം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധികള്‍ പാലിക്കാന്‍ സാധിച്ചില്ല. ഇതിനിടയില്‍, അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതി കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ട സംഭവം വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 109 ദിവസമെടുത്താണ് വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി ഈ വര്‍ഷം ആദ്യത്തോടെ വിധി വരുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, തുടര്‍നടപടികള്‍ നീണ്ടുപോയതിനെ തുടര്‍ന്ന് അന്തിമവിധി പ്രസ്താവിക്കുന്ന തീയതിയും നീണ്ടുപോവുകയായിരുന്നു.