
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ജെഎന്‍യു. സര്‍വകലാശാലകളെ വെറുപ്പിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച എക്‌സിലൂടെ പുറത്തുവിട്ട കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കി.
കലാപ ഗൂഢാലോചനക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസില്‍ നടന്ന പ്രകടനമാണ് വിവാദത്തിലായത്. പ്രതിഷേധത്തിനിടെ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി സര്‍വ്വകലാശാല ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ സസ്പെന്‍ഷന്‍, പുറത്താക്കല്‍, ക്യാമ്പസില്‍ നിന്നുള്ള സ്ഥിരമായ വിലക്ക് എന്നിവയുള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ‘അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അക്രമമോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ പ്രോത്സാഹിപ്പിക്കാന്‍ അനുവദിക്കില്ല. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ല.’ – ജെഎന്‍യു അധികൃതര്‍.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല ഡല്‍ഹി പൊലീസിന് കത്തെഴുതിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍വകലാശാല അവകാശപ്പെടുമ്പോള്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.