വീണ്ടും കോണ്‍ഗ്രസ് വെന്നിക്കൊടി; ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍വിജയം

ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്‌സല്‍ കോന്‍ഗരി ബി.ജെ.പിയുടെ ബസന്ത് സോറെങിനെ 9658 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
20 റൗണ്ട് വോട്ടുകളും എണ്ണിയപ്പോള്‍ കോന്‍ഗരിയ്ക്ക് 40,343 വോട്ടും സോറങ്ങിന് 30,685 വോട്ടുകളുമാണ് ലഭിച്ചത്. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് ഇന്നത്തേത്.

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയായിരുന്നു. മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന ജാര്‍ഖണ്ഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേനോന്‍ എക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 16,445 വോട്ടുകളാണ് എക്കയ്ക്ക് ലഭിച്ചത്. എംഎല്‍എയായിരുന്ന എനോസ് എക്കയുടെ ഭാര്യയാണ് മേനോന്‍ എക്ക.
സ്‌കൂള്‍ അധ്യാപകന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എനോസ് അയോഗ്യനായതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ വര്‍ഷം ജൂണില്‍ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു.
ആകെ അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇത് മതേതര ശക്തികളുടെ വിജയമാണെന്നും, രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിയെ തള്ളിയതിന്റെ സൂചനയാണിതെന്നും കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറി അലോക് ഡൂബെയ് പറഞ്ഞു.

Comments (0)
Add Comment