ആഗോള ഭീകരന്‍ മസൂദ് അസ്ഹറിനെ രഹസ്യമായി ജയില്‍ മോചിതനാക്കി പാകിസ്ഥാന്‍; ഇന്ത്യയില്‍ അതീവ ജാഗ്രതാ നിർദേശം

Monday, September 9, 2019

ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങൾ നടത്താന്‍ ലക്ഷ്യമിട്ടാണ് പാക് നീക്കമെന്നും ഇന്‍റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന സൈനികവിന്യാസവും ശക്തമാക്കിയിട്ടുണ്ട്.

ജമ്മു-കശ്മീരിലെ സിയാക്കോട്ടിലും രാജസ്ഥാനിലും ആക്രമണം നടത്താൻ പാക് പദ്ധതിയുണ്ടെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീരിലും രാജസ്ഥാനിലും ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.  ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് ഇന്ത്യയ്ക്കായിരിക്കും ഉത്തരവാദിത്വമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മുന്നറിയിപ്പ്. ഇതിന് ഏതറ്റം വരെയും പോകാന്‍ തയാറാണെന്ന് ഇന്ത്യ മറുപടിയും നല്‍കിയിരുന്നു.  അന്താരാഷ്ട്രസമൂഹവും ഇന്ത്യക്കൊപ്പം നിലപാടെടുത്തു.

20 മുൻപ് ഇന്ത്യ വിട്ടയച്ച ഭീകരവാദി നേതാവാണ് മസൂദ് അസർ. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ സ്ഥാപക നേതാവാണ്. യു.എ.പി.എ നിയമപ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹർ. മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദിയായി യു.എൻ സുരക്ഷാ സമിതി 2019 മെയ് 1ന് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായും അടുത്ത ബന്ധമുള്ള ഭീകരനാണ് മസൂദ് അസ്ഹർ. 2001 ലെ പാർലമെന്‍റ് ആക്രമണം, ഫെബ്രുവരിയില്‍ നടന്ന പുൽവാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നൽകിയത് മസൂദ് അസ്ഹർ ആണ്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസർ കരുതൽ തടങ്കലിലാണെന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞിരുന്നത്.

മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിന് പിന്നാലെ രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.