66 മണിക്കൂർ ഇടവേളകളില്ലാതെ തത്സമയം പ്രേക്ഷകരിലേക്ക്… ജനനായകന് ജയ്ഹിന്ദ് ടിവിയുടെ ആദരം

Jaihind Webdesk
Friday, July 21, 2023

 

 

മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത 66 മണിക്കൂർ ഇടവേളകളില്ലാതെ സംപ്രേഷണം ചെയ്ത് ജയ്ഹിന്ദ് ടിവി. വിയോഗ വാർത്ത എത്തിയ നേരം മുതൽ ജനനായകന്‍ പുതുപ്പള്ളിയുടെ മണ്ണോട് ചേർന്ന വ്യാഴാഴ്ച അർധരാത്രി വരെയുള്ള ദൃശ്യങ്ങളാണ് ജയ്ഹിന്ദ് ടിവി ഇടവേളകളില്ലാതെ തത്സമയം പ്രേക്ഷകരിലേക്കെത്തിച്ചത്.

വിയോഗ വാർത്ത അറിഞ്ഞ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച തത്സമയ സംപ്രേഷണം സംസ്‌കാര ശുശ്രൂഷകൾ പൂർത്തിയായ വ്യാഴാഴ്ച രാത്രി 12 മണിവരെയും തുടർന്നു. ഒരു ഇടവേളയും കൂടാതെയാണ് ജയ്ഹിന്ദ് ടിവി ജനനായകന്‍റെ അന്ത്യയാത്ര ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിച്ചത്. 66 മണിക്കൂറുകൾ നീണ്ട സംപ്രേഷണത്തിൽ അന്ത്യയാത്രയിലെ ഓരോ നിമിഷവും തത്സമയം ജയ്ഹിന്ദ് ടി.വി ജനങ്ങളിലേക്കെത്തിച്ചു. തത്സമയ വിവരങ്ങളും റിപ്പോർട്ടുകളും പ്രേക്ഷകർക്ക് എത്തിക്കാനായി വിപുലമായ സജ്ജീകരണങ്ങളാണ് ജയ്ഹിന്ദ് ടിവി ഒരുക്കിയത്.

ബംഗളുരുവിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയോടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്കാണ് ആദ്യം കൊണ്ടുപോയത്. ജന്മനാട്ടിലേക്കുള്ള ജനനായകന്‍റെ വിലാപയാത്രയിലും കണ്ണിമ ചിമ്മാതെ ടീം ജയ്ഹിന്ദ് അണിചേർന്നു. പൊതുദർശനം നടന്ന തിരുനക്കര മൈതാനിയിൽ തടിച്ചുകൂടിയ ജനലക്ഷങ്ങൾ പ്രത്യേകം തയാറാക്കിയ സ്‌ക്രീനുകളിൽ വിലാപയാത്ര കണ്ടതും ജയ്ഹിന്ദ് ടിവിയിലൂടെ ആയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെയും ജയ്ഹിന്ദ് ടിവി ജനങ്ങളുടെ പ്രിയങ്കരനായ നേതാവിന്‍റെ അന്ത്യയാത്ര ഇടവേളകളില്ലാതെ ആദ്യന്തം സംപ്രേഷണം ചെയ്തു. മിക്ക ഘട്ടങ്ങളിലും ഫേസ്ബുക്ക് ലൈവിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ ജയ്ഹിന്ദ് ടിവി മറ്റ് മാധ്യമങ്ങളെക്കാൾ ഏറെ മുന്നിലെത്തി. കോൺഗ്രസിന്‍റെയും നേതാക്കളുടെയും അനുഭാവ സംഘടനകളുടെയുമെല്ലാം ഔദ്യോഗിക പേജുകളിൽ ഷെയർ ചെയ്തതും ജയ്ഹിന്ദിന്‍റെ ലൈവ് സ്ട്രീമിംഗാണ്.

ജയ്ഹിന്ദ് ടിവി ആരംഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഓർക്കുമ്പോൾ എല്ലാവർക്കും പറയാനുള്ള അനുഭവം പോലെ, ചാനലിന്‍റെ പ്രവർത്തനം പ്രതിസന്ധി നേരിട്ട വേളയിലും അദ്ദേഹത്തിന്‍റെ നിർണ്ണായക ഇടപെടൽ ഉണ്ടായി. ചാനൽ സ്ഥാപിതമായത് മുതൽ ഡയറക്ടറായി തുടരുന്ന അദ്ദേഹത്തിന്‍റെ വിയോഗം ചാനലിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ അന്ത്യയാത്ര 66 മണിക്കൂർ കണ്ണിമ ചിമ്മാതെ തുടർച്ചയായി സംപ്രേഷണം ചെയ്താണ് ജയ്ഹിന്ദ് ടിവി കേരളക്കരയുടെ എക്കാലത്തെയും ജനകീയനായ നേതാവിനോടുള്ള ആദരം പ്രകടമാക്കിയത്.