ജയ്ഹിന്ദ് ടി.വി 13ആം വര്‍ഷത്തിലേക്ക്..

Jaihind Webdesk
Saturday, August 17, 2019

മലയാളിയുടെ സ്വീകരണ മുറിയിൽ ദൃശ്യ സംസ്‌കാരത്തിന്‍റെ പുതിയ വാതിൽ തുറന്നിട്ട ജയ്ഹിന്ദ് ടിവി പതിമൂന്നാം വർഷത്തിലേക്ക്. പോയ 12 വർഷങ്ങളിൽ മലയാളത്തിന്‍റെ ആകാശത്ത് നിറസാന്നിദ്ധ്യമാകാൻ ജയ്ഹിന്ദിന് കഴിഞ്ഞു. ആ നാള്‍വഴിയിലൂടെ….

മലയാളിയുടെ സ്വീകരണ മുറയിലേക്ക് ജയ്ഹിന്ദ് കടന്നുവന്നിട്ട് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയാകുകയാണ്. വേറിട്ട ദൃശ്യാനുഭവത്തിന്‍റെ ചാരുതയായിരുന്നു ജയ്ഹിന്ദ് അതിന്‍റെ പ്രവൃത്തി പഥത്തില്‍ കാഴ്ച്ചവെച്ചത്. യാഥാര്‍ത്ഥ്യത്തിന്‍റെ വാര്‍ത്താ സംസ്‌കാരവുമായി മലയാളത്തിന് കുതിപ്പ് നല്‍കാനും ജയ്ഹിന്ദിന്‍റെ യാത്രയില്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം ടീം ജയ്ഹിന്ദിനുണ്ട്. 2007 ആഗസ്റ്റ് 17ന് ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയായിരുന്നു ജയ്ഹിന്ദ് ടി.വി മലയാളത്തിന്‍റെ ആകാശത്തിന് സമര്‍പ്പിച്ചത്. അന്നുമുതല്‍ ഇന്നോളം മലയാളിയുടെ വാര്‍ത്തയുടെയും ടെലിവിഷന്‍ സംസ്‌കാരത്തിന്‍റെയും ഉത്തമ മാതൃകയായി നിലകൊള്ളാന്‍ ജയ്ഹിന്ദിനായിട്ടുണ്ട്.
രാജ്യത്തിനുവേണ്ടി കുടുംബത്തിനുവേണ്ടി എന്ന ജയ്ഹിന്ദിന്‍റെ ആപ്തവാക്യമെന്നതിനോട് നൂറുശതമാനം കൂറുപുലര്‍ത്തി രാജ്യത്തിന്‍റെ വാര്‍ത്തകള്‍ മലയാളികള്‍ക്ക് മുന്നിലേക്കെത്തിക്കുന്നതിലും മലയാളത്തിന്‍റെ സാംസ്‌കാരിക മൂല്യങ്ങളുടെ കൊടിയടയാളമായും നിലകൊണ്ട ജയ്ഹിന്ദിനെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയെന്നുള്ളതാണ് ഈ 12 വര്‍ഷത്തെ പ്രയാണംകൊണ്ട് ബോധ്യമാകുന്നത്.

ജയ്ഹിന്ദ് ടി.വി ഈ 12 വര്‍ഷങ്ങളിലെന്ന പോലെ ഇനിയും മലയാളിയുടെ ഹൃദയമുള്‍ക്കൊണ്ടും വാര്‍ത്തകളിലും സാംസ്‌കാരിക രംഗത്തുമുള്ള അതിന്റെ യാത്ര തുടരുക തന്നെയാണ്. ജയ്ഹിന്ദിനെ ഹൃദയപക്ഷത്തുനിര്‍ത്തിയ ഓരോ പ്രേക്ഷകനും ടീം ജയ്ഹിന്ദിന്‍റെ നന്ദി…