ഐവിന്‍റെ സംസ്‌കാരം നടന്നു; CISF ഉദ്യോഗസ്ഥരായ പ്രതികളുടെ മൊഴി പുറത്ത്

Jaihind News Bureau
Friday, May 16, 2025

എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ CISF ഉദ്യോഗസ്ഥരുടെ മൊഴി പുറത്ത്. വാക്ക് തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയത് പ്രകോപനത്തിന് കാരണമെന്ന് മൊഴിയില്‍ പറയുന്നു. CISF ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊല്ലപ്പെട്ട ഐവിന്റെ സംസകാരം തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ സംസ്‌കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും റോജി എം.ജോണ്‍ എംഎല്‍എയും  ഐവിന്‍റെ ഭവനത്തിലെത്തിയുന്നു.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹന്‍ തന്നെ മൊഴി നല്‍കിക്കഴിഞ്ഞു. ഐവിന്റെ കാറില്‍ തട്ടിയതോടെയാണ് വാക്കേറ്റം ഉണ്ടായത്. പിന്നാലെ നേരിയ സംഘര്‍ഷവും ഉണ്ടായി. എല്ലാം ഐവിന്‍ മൊബൈലില്‍ പകര്‍ത്തിയതാണ് പ്രകോപനത്തിന് കാരണമാക്കിയത്. നട്ടുകാര്‍ എത്തുന്നതിന് മുന്‍പ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓളം ഐവിന്‍ ബോണറ്റില്‍ ഉണ്ടായിരുന്നിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ക്ക് തോന്നിയില്ലെന്നാണ്് പൊലീസ് പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വാഹനം ഓടിച്ച വിനയ് കുമാറിന് പുറമേ അടുത്ത സീറ്റില്‍ ഉണ്ടായിരുന്ന മോഹനനെതിരെയും പോലീസ് കൊലക്കുറ്റം ചുമത്തിയത്. നാട്ടുകാര്‍ ഐവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവ് സഹായത്തിനായി നിലവിളിക്കുന്നതിനിടെ പ്രതികള്‍ വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അങ്കമാലി-നായത്തോട് റോഡിലെ സെന്റ് ജോണ്‍സ് യാക്കോബൈറ്റ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍സ് ചാപ്പലിനും ഇടയിലാണ് സംഭവം.

ഐവിന്റെ പിതാവ് ജിജോ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റാണ്. അമ്മ റോസ്‌മേരി പാലായിലെ മാര്‍ സ്ലീവ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ മാനേജരായി സേവനമനുഷ്ഠിക്കുന്നു. സഹോദരി അലീന ബാങ്കിംഗ് മേഖലയില്‍ നാറ്റ്വെസ്റ്റ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം ഐവിന്റെ മൃതദേഹം തുറവൂരിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇ്ന്ന് ഉച്ചയ്ക്ക് തുറവൂരിലെ സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ ഐവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നു.