‘തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പെങ്കിലും മോദി പത്രസമ്മേളനം നടത്തിയത് നല്ല കാര്യം, പക്ഷേ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാവില്ല’ : പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, May 17, 2019

Rahul-Gandhi

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു മുമ്പെങ്കിലും രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം നടത്തിയത് വളരെ നല്ല കാര്യമെന്ന് പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്തുകൊണ്ട് റഫാലിൽ തന്‍റെ വെല്ലുവിളി സ്വീകരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പത്രസമ്മേളനത്തില്‍ മോദിക്ക് പറയാനുള്ളത് അദ്ദേഹത്തിന്‍റെ വസ്ത്രധാരണ രീതിയെക്കുറിച്ചായിരിക്കും. മറ്റുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയുണ്ടാവില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ കുറ്റം കണ്ടെത്തുന്ന അതേകാര്യം മോദിയും അമിത് ഷായും ചെയ്യുമ്പോൾ അതിൽ തെറ്റില്ലാതാകുന്നതെങ്ങനെയെന്ന് രാഹുൽ ചോദിച്ചു. തെരഞ്ഞെടുപ്പിന്‍റെ തീയതി തന്നെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സൗകര്യത്തിനുവേണ്ടി തയാറാക്കിയതാണെന്നും രാഹുൽ ആരോപിച്ചു.

തെരഞ്ഞെടുപ്പിനായി മോദിയും ബി.ജെ.പിയും പണം ഒഴുക്കുകയായിരുന്നു. ഇതിനായി അവരുടെ പക്കൽ ടി.വി ചാനലും വൻ പ്രചാരണ പരസ്യ ഏജൻസികളും ഒക്കെയുണ്ടായിരുന്നു. അതേസയം കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ്. നീതിയുടെ പക്ഷം നിന്നാണ് കോൺഗ്രസിന്‍റെ പ്രവർത്തനം. തൊഴിലില്ലായ്മ, നോട്ട് നിരോധനം, കർഷകരുടെ ദുരിതം ഇവയിലൊന്നും പ്രധാനമന്ത്രിക്ക് ഒന്നും പറയാനില്ല. പ്രധാനമന്ത്രി പറയുന്നത് റഡാറിനെക്കുറിച്ചാണെന്നും രാഹുൽ പരിഹസിച്ചു.

പ്രതിപക്ഷം എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി ഭരണത്തിലെ അഴിമതികള്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനായി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് മധ്യപ്രദേശ് , ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മാതൃക കാണിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/346000602781826/