2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ല : രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, January 14, 2020

ന്യൂഡല്‍ഹി : 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ വന്നാൽ 40 ലക്ഷം ആളുകൾ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായ തീരുമാനം എടുത്തത് ശരിയല്ല. പണം ലാഭിക്കുന്നതിന് വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാനാവില്ല. നിയമപരമായി ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക പുതുക്കി ഉപയോഗിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. പട്ടിക പുതുതായി തയാറാക്കേണ്ടി വന്നാൽ 10 കോടി രൂപയെങ്കിലും നീക്കി വെക്കേണ്ടി വരുമെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചത്.