നയരേഖയല്ല അത് സി.പി.എമ്മിന്റേത് അവസരവാദ രേഖ; വി.ഡി.സതീശന്‍

Jaihind News Bureau
Sunday, March 9, 2025


കൊച്ചി : സി.പി.എമ്മിന്റേത് നയരേഖയല്ല, അവസരവാദ രേഖയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.ഇവര്‍ പറഞ്ഞതൊക്കെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. നാട് മുഴുവന്‍ സമരം ചെയ്ത് കുട്ടിച്ചോറാക്കിയ ആളുകളാണിവര്‍. എന്നിട്ടാണ് ഇപ്പോള്‍ സൗകര്യം പോലെ തിരുത്തുന്നത്. ഒരു നാടിനെ സാമ്പത്തികമായ തകര്‍ത്ത് തരിപ്പണമാക്കി, ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും സ്തംഭിച്ചു. ഇവരുടെ ദുര്‍ഭരണം കൊണ്ടും ഫിനാന്‍ഷ്യല്‍ മിസ്മാനേജ്മെന്റ് കൊണ്ടും കേരളത്തെ തകര്‍ത്തതിന് ശേഷം നയം മാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി വീണ്ടും ജനങ്ങളെ കൊല്ലാന്‍ വരികയാണ്. ഇവരുടെ ദുര്‍ഭരണത്തിന് ബലിയാടാകുന്നത് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാധാരണ മനുഷ്യരാണ്. ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍ നിന്നു തന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുകയാണ്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വപ്നം കാണുന്നതില്‍ തെറ്റില്ല. തോറ്റു പോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യത്തിലുമുള്ള നയത്തില്‍ മാറ്റം വരുത്തുന്നത് നല്ലതല്ല. അങ്ങനെ വന്നാല്‍ അത് വില്‍പനയാകും. ഡല്‍ഹിയില്‍ നടത്തുന്ന വില്‍പന തന്നെയാണ് ഇവിടെയും നടത്തുന്നത്. ഇവര്‍ ഇടതുപക്ഷമല്ല തീവ്രവലതുപക്ഷമാണ്. ഇവര്‍ ഇടതുപക്ഷമോ കമ്മ്യൂണിസ്റ്റോ അല്ല. സംഘ്പരിവാര്‍ സര്‍ക്കാര്‍ ചെയ്യുന്നതു പോലെ ഇവര്‍ പ്ലാനില്‍ നിന്നും പിന്‍മാറി വന്‍കിട പദ്ധതികള്‍ക്കു പിന്നാലെ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.