സ്വർണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. പ്രതികൾക്ക് സെക്രട്ടേറിയറ്റിന് എതിർവശത്തെ ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലൊ അരുൺ ബാലചന്ദ്രൻ. നിലവിൽ സർക്കാരിന്റെ ഡിജിറ്റൽ ഉപദേശക സമിതി ഡയറക്ടറാണ് അരുൺ. അതേസമയം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നും അരുൺ ബാലചന്ദ്രൻ ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കി.
സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കൂടുതൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് സമീപത്ത് എം ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്ലാറ്റിലാണ് ജയശങ്കറിനായി അരുൺ മുറി ബുക്ക് ചെയ്തത്. ദിവസ വാടകക്ക് റൂം ബുക്ക് ചെയ്യാൻ കഴിയുന്ന കെട്ടിട സമുച്ഛയത്തിൽ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ചുവെന്നും ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് എം ശിവശങ്കര്‍ പറഞ്ഞതെന്നും അരുൺ ബാലചന്ദ്രൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
എന്നാൽ ഫ്ലാറ്റ് ബുക്ക് ചെയ്യാൻ വിളിച്ച അരുണിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇങ്ങനെ ഒരാൾ ശിവശങ്കറിനു കീഴിൽ ജോലി ചെയ്യുന്നുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അരുണാണ് കള്ളക്കടത്ത് പ്രതികൾക്കു വേണ്ടി ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് ശിവശങ്കറും ഇന്നലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
2018 ഒക്ടോബർ 14 മുതൽ 18 വരെ ദുബായിൽ നടന്ന ദുബായ് ഗിഫ്ടെക്സ് എക്സ്പോയിൽ ശിവശങ്കറിന് ഒപ്പം ഇയാൾ പങ്കെടുത്തിരുന്നു. ടെക്ക്നോപാർക്കാണ് ഇതിന്റെ യാത്ര ചെലവ് വഹിച്ചത്. മുഖ്യമന്ത്രിയുമായം മറ്റ് ഉന്നതരുമായി അടുത്ത ബന്ധവും അരുണിനുണ്ട്. ഇയാളുടെ വിസിറ്റിംങ്ങ് കാർഡിലും ചീഫ് മിനിസ്റ്റേഴ്സ് ഫെലൊ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അടുത്ത കാലത്ത് അരുണിന് സാമ്പത്തികമായി വൻ വളർച്ച ഉണ്ടായതായാണ് വിവരം. കോട്ടയം എരുമലി സ്വദേശിയായ അരുണിൻ്റെ വിദേശ യാത്രകളിലും ദുരുഹതയുണ്ട്.