ഐഎസ്ആര്‍ഒയുടെ കരുത്ത് തെളിയിക്കാന്‍ പിഎസ്എല്‍വി-സി 62; വിക്ഷേപണം ജനുവരി 12-ന്

Jaihind News Bureau
Wednesday, January 7, 2026

 

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലിന് കൂടി ശ്രീഹരിക്കോട്ട ഒരുങ്ങുന്നു. ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി 62 (PSLV-C62) ജനുവരി 12-ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.17-നാണ് റോക്കറ്റ് കുതിച്ചുയരുന്നത്.

പിഎസ്എല്‍വി പരമ്പരയിലെ 64-ാം വിക്ഷേപണമാണിത്. കഴിഞ്ഞ വര്‍ഷം പിഎസ്എല്‍വി സി 61 വിക്ഷേപണത്തിലുണ്ടായ തിരിച്ചടിക്ക് ശേഷം പിഎസ്എല്‍വി നടത്തുന്ന ആദ്യ ദൗത്യമെന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ചന്ദ്രയാന്‍, മംഗള്‍യാന്‍ ദൗത്യങ്ങളിലൂടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പിഎസ്എല്‍വിയുടെ അഞ്ചാമത്തെ ഡിഎല്‍ വേരിയന്റ് വിക്ഷേപണമായിരിക്കും സി 62. രണ്ട് സ്ട്രാപ്പ്-ഓണ്‍ ബൂസ്റ്ററുകളാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്.

കൃഷി, നഗരാസൂത്രണം, പരിസ്ഥിതി നിരീക്ഷണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഇഒഎസ് എന്‍1 (EOS N1) ആണ് ഈ ദൗത്യത്തിലെ പ്രധാന പേലോഡ്. ഇതിനുപുറമെ 18 ഉപഗ്രഹങ്ങളെ കൂടി ഈ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കും. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഇന്തോ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹവും ദൗത്യത്തില്‍ ഉള്‍പ്പെടുന്നു.

ദൗത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ബെംഗളൂരു ആസ്ഥാനമായുള്ള ഓര്‍ബിറ്റ് എയ്ഡ് എയ്‌റോസ്‌പേസ് വികസിപ്പിച്ച ‘ആയുഷ് സാറ്റ്’ ആണ്. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണിതെന്ന പ്രത്യേകതയുമുണ്ട്.