റേഷന്‍കടകളിലേക്ക് എത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കില്‍ ക്രമക്കേട് : ജയ്ഹിന്ദ് വാർത്ത സ്ഥിരീകരിച്ച് മന്ത്രി പി തിലോത്തമന്‍

Aiswaria Anil
Thursday, March 12, 2020

തിരുവനന്തപുരം : റേഷൻ കടകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേടുണ്ടെന്ന ജയ്ഹിന്ദ് ന്യൂസ് വാർത്ത സ്ഥിരീകരിച്ച് മന്ത്രി പി തിലോത്തമൻ. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ സ്ഥിരീകരണം. ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ ഉപയോഗയോഗ്യമല്ലാതെ നശിച്ചു പോകുന്നുവെന്നും  മന്ത്രിയുടെ സ്ഥിരീകരണം.

റേഷൻ കടകളിലും സപ്ലൈകോ ഗോഡൗണുകളിലും നടക്കുന്ന വ്യാപകമായ അഴിമതികളെക്കുറിച്ചും ഭക്ഷ്യവസ്തുക്കൾ കരിഞ്ചന്തയിലേക്ക് കടത്തുന്നതിനെക്കുറിച്ചും ജയ്ഹിന്ദ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിയമസഭയിൽ പ്രതിപക്ഷം ഇതുസംബന്ധിച്ച ചോദ്യം ഉയർത്തിയത്. ഗോഡൗണുകളിലെ  ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിൽ വ്യാപകമായ ക്രമക്കേടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ സ്ഥിരീകരിച്ചു. കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ ഒരു ലക്ഷം കിലോഗ്രാം റേഷൻ സാധനം സ്റ്റോക്കിൽ കുറവുള്ളതായും മന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തിന് നൽകിയ മറുപടിയിൽ പറയുന്നു.

എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ 1546.384 മെട്രിക് ടൺ അരിയും 555.638 മെട്രിക് ടൺ ഗോതമ്പും വിതരണ യോഗ്യമല്ലാത്ത രീതിയിൽ കണ്ടെത്തിയതായും മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ സിവിൽ സപ്ലൈസ് വകുപ്പിലെ 486 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ സർക്കാർതലത്തിൽ നടപടി സ്വീകരിച്ചുവെന്ന് മന്ത്രിയുടെ സ്ഥിരീകരണം വകുപ്പിൽ നടക്കുന്ന വ്യാപകമായ ക്രമക്കേടിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു കൊടുക്കുന്നു എന്നതിന്‍റെ തെളിവാണ്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങളാണ് റേഷൻ കടകളിലൂടെ ലഭിക്കുന്നതെന്ന  ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്  മന്ത്രി പറയുമ്പോഴും കർശനമായ നടപടികൾ സ്വീകരിക്കാനോ അടിയന്തര ഇടപെടലുകൾ നടത്താനോ മന്ത്രി തയാറായിട്ടില്ല.

 

ജയ്ഹിന്ദ് ടി.വി മുമ്പ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കാണാം :

റേഷന്‍ സംവിധാനത്തെ തകിടംമറിക്കുന്നു ; അർഹരെ ഒഴിവാക്കി തട്ടിപ്പ്

teevandi enkile ennodu para