റേഷന്‍ സംവിധാനത്തെ തകിടംമറിക്കുന്നു ; അർഹരെ ഒഴിവാക്കി തട്ടിപ്പ്

Jaihind News Bureau
Sunday, March 8, 2020

അർഹരെ ഒഴിവാക്കി റേഷൻ കാർഡുകളിലും തട്ടിപ്പ്. റേഷൻ കാർഡുകളിന്മേൽ പരാതികൾ പരിഹരിക്കേണ്ട ഡി.ജി.ആർ.ഒ തസ്തികകളിൽ സംസ്ഥാന വ്യാപകമായി നിയമനം നടക്കുന്നില്ലെന്ന് പരാതി. പാവങ്ങൾക്കായുള്ള റേഷൻ സംവിധാനം ഇന്ന് തകിടം മറിയുന്ന സ്ഥിതിയാണ്. അനർഹരാവയർക്ക് ലഭിക്കുന്ന റേഷൻ പോലും അർഹരായ പാവങ്ങൾക്ക് കിട്ടുന്നില്ല. എ.എ.വൈയിൽ ആനുകൂല്യം ലഭിക്കുന്നത് ഏറെയും അനർഹർക്കാണ്. എ.എ.വൈയുടെ മുൻഗണനാ പട്ടികയിലെത്താൻ കഴിയാതെ വലയുകയാണ് പട്ടിണിപ്പാവങ്ങൾ. 15 രൂപ വിലയുണ്ടായിരുന്ന റേഷൻ കാർഡിന് 100 ആയി ഉയർത്തി. ദുരിതത്തിലായതാകട്ടെ പാവപ്പെട്ട ജനങ്ങളും.

ബ്ലോക്ക് അടിസ്ഥാനത്തിൽ എന്‍.എഫ്.എസ്.എ ഗോഡൗണുകൾ നിർമ്മിച്ച് എഫ്.സി.ഐയിൽ നിന്ന് ഭക്ഷ്യധാന്യം ശേഖരിച്ച് റേഷൻ കടക്കാർ നൽകണമെന്നാണ് നിയമം. എന്നാൽ പട്ടാപ്പകൽ വെളിച്ചത്തിൽ സ്വകാര്യ ഗോഡൗണുകൾ സി.പി.ഐ പ്രാദേശിക നേതാക്കളുടെ താൽപര്യത്തിനനുസരിച്ച് വമ്പിച്ച  വാടക നൽകി ഏറ്റെടുത്ത് റേഷൻ തിരിമറി  നടത്തുന്നതിനും  അവസരം നൽകുകയാണ് ഉന്നത ഉദ്യോഗസ്ഥർ. റേഷൻ കടകളും കാർഡുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന  ഡി.ജി.ആർ.ഒ എന്ന തസ്തികയോ ഓഫീസിന്‍റെ പ്രവർത്തനമോ ഇതുവരെയും ആരംഭിക്കാൻ യാതൊരുവിധ നടപടിയും എടുത്തിട്ടില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.

ഇത്തരത്തിൽ ഞെട്ടിക്കുന്ന വസ്തുതകളും റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ദിനംതോറും പുറത്തുവരുമ്പോൾ ഇതിനൊക്കെ മൗനാനുവാദം നൽകുകയാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനും ഇടതു സർക്കാരിലെ പ്രധാനപ്പെട്ട രണ്ടാം കക്ഷിയായ സി.പി.ഐയും.