ഐപിഎല്‍ കളിആവേശം ഇവിടെ വേറേ ലെവല്‍ ; കൊച്ചിയില്‍ ഫാന്‍പാര്‍ക്ക് സജ്ജമായി

Jaihind News Bureau
Friday, March 21, 2025

ഐപിഎല്‍ ആരവം ഉയരാന്‍ മണിക്കുറുകള്‍ മാത്രം. കേരളത്തിലും ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമാണ്. കളി നടക്കാത്ത സംസ്ഥാനങ്ങളിലെ 50 നഗരങ്ങളില്‍ ഇത്തവ ഫാന്‍ പാര്‍ക്കുകള്‍ ആവേശം വിതയ്ക്കും. ഐപിഎല്‍ ജ്വരം ഏറ്റെടുക്കാന്‍ കൊച്ചിയും തയ്യാറായി കഴിഞ്ഞു. ഉദ്ഘാടന മത്സരത്തിനായി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി വലിയ സ്‌ക്രീനില്‍ ലൈവ് ആക്ഷന്‍ സംപ്രേഷണം ചെയ്യും. പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്.

കളിക്കളത്തിലെ ആവേശം അതേപടി എത്തിക്കുക എന്നതാണ് ഫാന്‍ പാര്‍ക്ക് എന്ന ആശയം. കേരളത്തില്‍ ഇത്തവണ രണ്ടു കേന്ദ്രങ്ങളിലാണ് ഫാന്‍ പാര്‍ക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കൊച്ചിയ്ക്കു പുറമേ പാലക്കാടുമാണ് അവ. ഉദ്ഘാടനവും തുടര്‍ന്നുള്ള മല്‍സരവുമൊക്കെ ബിഗ് സ്‌ക്രീനുകളില്‍ കാണാന്‍ രാജ്യത്തെ 50 നഗരങ്ങള്‍ തയ്യാറായി കഴിഞ്ഞു.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് പുറത്ത് ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി തയ്യാറാക്കിയ വലിയ സ്‌ക്രീനില്‍ ലൈവായി ഐപിഎല്‍ ആവേശം കാണാം. ഉദ്ഘാടന മല്‍സരം 22 ന് വൈകിട്ട് 6.30നും തൊട്ടടുത്ത ദിവസത്തെ മല്‍സരം 2.30 നും കൊച്ചിയിലെ ബിഗ് സ്‌ക്രീനില്‍ കാണാം. ആവേശ പോരാട്ടങ്ങള്‍ ഭീമാകാരമായ സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത് പ്രത്യേക അനുഭവമാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. മല്‍സര ആവേശത്തിനൊപ്പം സംഗീതം, ഫുഡ് സ്റ്റാളുകള്‍, വിനോദ പരിപാടികള്‍ അടക്കം തയ്യാറാക്കിയിട്ടുണ്ട്

സ്റ്റേഡിയത്തിലേയ്ക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുകയാണ് സംഘാടകര്‍. കളി നടക്കുന്ന സ്റ്റേഡിയത്തില്‍ ഇരുന്ന മല്‍സരം കാണുന്ന പ്രതീതി ഇവിടെയും അനുഭവിക്കാമെന്നതാണ് ഇതിന്റെ ആവേശം. ഇഷ്ട താരങ്ങളെയും അവരുടെ കളി മികവും ആഘോഷ ആര്‍പ്പുവിളികളോടെ ഫാന്‍ പാര്‍ക്കില്‍ വലിയ സ്‌ക്രീനില്‍ ആസ്വദിക്കാം. ഇത്തവണ ഫാന്‍ പാര്‍ക്കുകളില്‍ 10 ലക്ഷത്തിലധികം ക്രിക്കറ്റ് പ്രേമികളെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്