കേരളത്തിന്‍റെ വ്യവസായ നിക്ഷേപരംഗത്ത് പുതിയ പ്രതീക്ഷകളുമായി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിന് കൊച്ചിയിൽ ഇന്ന് പ്രൗഢമായ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്താണ് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രമന്ത്രിമാരും, ഉള്‍പ്പെടെ വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്‍റെ വ്യവസായ രംഗം വലിയ മുന്നേറ്റത്തിന്‍റെ പാതയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപകർ ചുവപ്പുനാടക്കുരുക്കിനെ പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും, അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
പ്രതിപക്ഷത്തിന്‍റെ സാന്നിധ്യം ആഗോള നിക്ഷേപ സംഗമത്തിന് കരുത്തു പകരുകയാണ് ചെയ്തത്. കേരളത്തിന്‍റെ വ്യവസായ നിക്ഷേപ രംഗത്തെ പുരോഗതിയിലേക്ക് നയിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്തുണ പ്രഖ്യാപിച്ചതോടെ ചടങ്ങ് മോടി കൂടി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി നാളെയാണ് സമാപിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അവരുടെ പ്രൊപ്പോസലുമായി സർക്കാരിനെ സമീപിക്കാനായി ‘മീറ്റ് ദി ഇൻവെസ്റ്റേഴ്സ്’ എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.