സി പി എം ശക്തികേന്ദ്രമായ കുളത്തുപ്പുഴയിൽ പാർട്ടിയിൽ പൊട്ടിത്തെറി

Jaihind News Bureau
Thursday, September 26, 2019

സി പി എം ശക്തികേന്ദ്രമായ കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ കുളത്തുപ്പുഴയില്‍ പാർട്ടിയിൽ പൊട്ടിത്തെറി . മുതിർന്ന നേതാക്കളായ ലോക്കല്‍കമ്മിറ്റി അംഗങ്ങള്‍ സി പി എമ്മിൽനിന്നും രാജിവച്ചു. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുവാൻ ഒരുങ്ങുകയാണിവിടെ .

കിഴക്കന്‍ മലയോര മേഖലയിലെ കുളത്തുപ്പുഴയില്‍ സിപിഎമ്മില്‍ കഴിഞ്ഞ കുറച്ചു കാലമായി നടമാടിയിരുന്ന വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ് . സിപിഎം കുളത്തുപ്പുഴ വെസ്റ്റ്‌ ലോക്കല്‍കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളായ മൂന്നു ലോക്കൽ കമ്മറ്റി അംഗങ്ങളാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. സിപിഎം ലോക്കല്‍കമ്മിറ്റി അംഗവും കുളത്തുപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ കെ അനില്‍കുമാര്‍, ലോക്കല്‍കമ്മിറ്റി അംഗം പി സഹദേവന്‍, ലോക്കല്‍കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ദിലീഫ് എന്നിവരാണ് പാര്‍ട്ടിയിൽ നിന്നും പടി ഇറങ്ങിയത് . അനില്‍കുമാര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി സ്ഥാനവും രാജിവച്ചു. പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം കഷ്ട്ടപെടുന്നവരെ മനസിലാക്കുന്നതിനോ സഹായിക്കുന്നതിനോ നേതൃത്വം തയാറാകുന്നില്ല. നിയമനങ്ങളില്‍ അടക്കം ഇഷ്ട്ടക്കാരെ മാത്രം തിരികികയറ്റുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ ഒരു തരത്തിലുള്ള ഇടപെടീലിനും പാര്‍ട്ടി നേതൃത്വം നടത്തുന്നില്ല തുടങ്ങിയ നിരവധി വാദങ്ങൾ നിരത്തിയാണിവർ പാർട്ടി ബന്ധം ഉപേക്ഷിച്ചത് . ഇവരോടൊപ്പം ഈ മേഖലയിലെ അന്‍പതോളം പേര്‍ പാര്‍ട്ടി വിടുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടെ ഇവരെ അനുനയിപ്പിക്കുവാനുള്ളശ്രമം സിപിഎം നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=VP8rHR06eDA