കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ യുദ്ധക്കപ്പൽ ‘ചലിക്കുന്ന നഗരം’ എന്ന് അറിയപ്പെടും. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവികശക്തികളിലൊന്നായി ഇന്ത്യ മാറുകയാണ്.
ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചുവെന്നും യുദ്ധക്കപ്പല്‍ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചി കപ്പല്‍ശാലയിലാണ് വിക്രാന്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച രാവിലെ 9.30 ന് കൊച്ചി കപ്പല്‍ശാലയില്‍ 150 അംഗ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വിക്രാന്തിന്‍റെ കമാന്‍ഡിംഗ് ഓഫീസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ കമ്മീഷനിംഗ് വാറന്‍റ് വായിച്ചശേഷം പ്രധാനമന്ത്രി കപ്പലിനുള്ളില്‍ പ്രവേശിച്ചു. വിക്രാന്തിന്‍റെ മുന്‍വശത്തെ ഡെക്കില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി പിന്‍വശത്തെ ഡെക്കില്‍ നാവികസേനയുടെ പുതിയ പതാകയും ഉയര്‍ത്തി. പടക്കപ്പൽ സജീവ സേവനത്തിൽ ഇരിക്കുന്ന കാലമെല്ലാം കമ്മീഷനിംഗ് പതാക ഉണ്ടാകും. തദ്ദേശീയമായി വിമാനവാഹിനി യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.
വിക്രാന്തിന്‍റെ വിഷേശങ്ങള്‍:
262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള വിക്രാന്തില്‍ 2300 കമ്പാര്‍ട്ട്‌മെന്‍റുകളുണ്ട്. സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്ററാണ് ഉയരം. പോര്‍വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് മേല്‍ഭാഗം. 30 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷി. ഒരേസമയം 1500 ലേറെ നാവികരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിക്രാന്തിന് സൂപ്പര്‍ 14 ഡെക്കുകളാണുള്ളത്.
സ്‌കൈ ജംപ് ടെക്നോളജിയാണ് വിക്രാന്തിന്‍റെ ഏറ്റവും വലിയ സവിശേഷത . കപ്പലിന്‍റെ മുന്‍ഭാഗം ഒരു വളഞ്ഞ റാംപ് പോലെയാണ്. ഇതുമൂലം കുറഞ്ഞ ദൂരത്തിലുള്ള റണ്‍വേയില്‍നിന്നുപോലും പോര്‍വിമാനങ്ങള്‍ക്ക് അതിവേഗം കപ്പലില്‍നിന്നു പറന്നുയരാനാകും. ടേക്ക് ഓഫ് സമയത്ത് 14 ഡിഗ്രിയില്‍ സ്‌കൈജമ്പിന് സഹായിക്കുന്ന വളഞ്ഞ മൂക്ക് പോലെയുള്ള റണ്‍വേ വിക്രാന്തിന്‍റെ പ്രധാന സവിശേഷതയാണ്. കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ 2,100 കി.മീ. നീളമുണ്ടാകും.
ഫ്ലൈയിംഗ് കണ്‍ട്രോള്‍ പൊസിഷന്‍ എന്ന ഫ്ലൈകോയാണ് യുദ്ധ വിമാനങ്ങളുടെ വിക്രാന്തിലേക്കുള്ള ഇറങ്ങലും പറക്കലുമെല്ലാം നിയന്ത്രിക്കുന്നത്. പറന്നുയരാന്‍ രണ്ട് റണ്‍വേകളും പറന്നിറങ്ങാന്‍ ഒരു റണ്‍വേയുമാണ് കപ്പലിലുള്ളത്. പറന്നുയരാന്‍ 203 മീറ്ററിന്‍റെയും 141 മീറ്ററിന്‍റെയും റണ്‍വേകള്‍. 190 മീറ്ററുള്ള മൂന്നാം റണ്‍വേയിലാണ് വിമാനങ്ങള്‍ ഇറങ്ങുന്നത്. അതിവേഗത്തില്‍ പറന്നിറങ്ങുന്ന വിമാനങ്ങളെ പിടിച്ചുനിര്‍ത്താനായി അറസ്റ്റിംഗ് വയർ സംവിധാനമുണ്ട്. അത്യാധുനിക ചികിത്സാ സൌകര്യത്തിനായി ചെറിയൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തന്നെ വിക്രാന്തില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തിനായി അതിവിശാലമായ അടുക്കളയുമുണ്ട്.
Prime Minister Narendra Modi receives the Guard of Honour as he arrives for the Commissioning ceremony of the first indigenous aircraft carrier, at Cochin Shipyard Limited in Kochi, Kerala.#INSVikrant pic.twitter.com/zIUiI1JDNL
— ANI (@ANI) September 2, 2022