ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുകയറുന്ന വിലക്കയറ്റത്തിനെതിരെയും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും അടക്കമുള്ള വിഷയങ്ങളില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധ ജ്വാലയുയർത്തി പ്രതിപക്ഷം. പാര്‍ലമെന്‍റിനകത്തും പുറത്തും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാരുടെ സംഘം പ്രതിഷേധിച്ചു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം പിടിച്ചുനിർത്താന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച എംപിമാരുടെ സംഘം പിന്നീട് വിജയ് ചൗക്കിലേക്കും പ്രതിഷേധ മാർച്ച് നടത്തി. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പശ്ചാത്തലത്തില്‍ എഐസിസി ആസ്ഥാനത്തിന് മുന്നിലും കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
വിവിധ വിഷയങ്ങളുന്നയിച്ചാണ് പ്രതിപക്ഷ എംപിമാരുടെ സംഘം പ്രതിഷേധിച്ചത്. എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെയും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. വിലക്കയറ്റത്തിനെതിരെ സഭയ്ക്കുള്ളില്‍ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചതിന് ടി.എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ് ഉള്‍പ്പെടെ നാല് എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച 19 രാജ്യസഭാ എംപിമാർക്കെതിരെയും ഇന്ന് ഒരു എഎപി എംപിക്കെതിരെയും സസ്പെന്‍ഷന്‍ നടപടിയുണ്ടായി. വിലക്കയറ്റം പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പാർലമെന്‍റില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്ത നിലപാടാണ് തുടർച്ചയായി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷം വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. തുടർന്ന് വിജയ് ചൗക്കില്‍ കുത്തിയിരുന്ന് സമാധാനപരമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച എംപിമാരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. വനിതാ എംപിമാർ ഉള്‍പ്പെടെയുള്ളവരെ ഇന്നും വലിച്ചിഴച്ചാണ് പോലീസ് നീക്കിയത്. ഡല്‍ഹിയിലെ കിംഗ്സ് വേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ നേതാക്കളെ പിന്നീട് വിട്ടയച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന്‍ ഖാർഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങി നേതാക്കളുടെ വലിയ നിര പ്രതിഷേധത്തില്‍ അണിനിരന്നു.
മോദി സര്‍ക്കാരിനെതിരെ ശബ്ദമുയർത്തിയതിന് തുടർച്ചയായ രണ്ടാം ദിവസവും ഡല്‍ഹി പോലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. “എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം? മോദി സര്‍ക്കാരിനെ ചോദ്യം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ ജനാധിപത്യരീതിയിലുള്ള ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനാണ് ഞങ്ങള്‍ക്കെതിരായ പോലീസ് നടപടി” – കെ.സി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ മോദി സർക്കാരിനെ അനുവദിക്കില്ലെന്നും പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനാണ് ഇന്നും രാജ്യം സാക്ഷ്യം വഹിച്ചത്. മൂന്ന് ദിവസങ്ങളിലായി 12 മണിക്കൂറോളമാണ് സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. ഇന്നും വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. കേരളത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകർ മാർച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.