മോദി ഭരണത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടോടെ; ജനാധിപത്യം അപകടാവസ്ഥയിലെന്നും റിപ്പോര്‍ട്ട്

Jaihind Webdesk
Thursday, May 16, 2019

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ഭീതിയിലെന്ന് ബി.ബി.സി റിപ്പോര്‍ട്ട്. പശുവിന്‍റെ പേരില്‍ രാജ്യത്ത് നടന്ന അക്രമസംഭവങ്ങള്‍ നിരവധിയാണ്. ബി.ജെ.പി ഭരണത്തില്‍ ജനാധിപത്യം അപകടകരമായ വിധത്തില്‍ ഭീഷണിയിലാണെന്നും അസഹിഷ്ണുത വര്‍ധിച്ചതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പി ഭരണത്തില്‍ ന്യൂനപക്ഷങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് വ്യക്തമാക്കുന്നതാണിത്.

പശുവിന്‍റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അതിക്രമം ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അസമിലുണ്ടായ അക്രമം ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും പറയുന്നു. ബീഫ് കച്ചവടം ചെയ്തതിന്‍റെ പേരില്‍ അസമിലെ ഷൗക്കത്ത് അലിയെ ഒരുകൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.  ‘നിങ്ങള്‍ ബംഗ്ലാദേശിയാണോ?’ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ബീഫ് വില്‍ക്കുന്നത് എന്തിനെന്ന് ചോദിച്ചായിരുന്നു ആക്രമണം. മുട്ടില്‍ നിര്‍ത്തി മര്‍ദിക്കുകയും മുഖത്ത് തൊഴിക്കുകയും ചെയ്തു. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൌക്കത്ത് അലി ഇപ്പോഴും നടക്കാനാവാത്ത അവസ്ഥയിലാണ്. ചുറ്റും കൂടിയ ആള്‍ക്കൂട്ടം ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

മോദി ഭരണത്തില്‍ ഗോവധം, ഗോമാംസം കച്ചവടം ചെയ്യല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്രൂരമായ ആക്രമണത്തിന് വിധേയരാകേണ്ടിവന്നതും കൊലചെയ്യപ്പെട്ടതും നിരവധിയാണ്. 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 44 പേര്‍ കൊല്ലപ്പെട്ടതായാണ് ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്‍റെ 2019 ഫെബ്രുവരിയിലെ റിപ്പോര്‍ട്ട്. ഇതില്‍ 36 പേര്‍ മുസ്ലീങ്ങളാണ്. ഇതേ കാലയളവില്‍ രാജ്യമൊട്ടാകെയുണ്ടായ നൂറിലേറെ അക്രമസംഭവങ്ങളില്‍ 280 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു.