
വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ പ്രവേശിച്ചു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 48.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തല്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
യുവതാരം ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ നട്ടെല്ലായത്. 134 പന്തില്‍ 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്ന് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജെമീമയുടെ പ്രകടനം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നായി മാറി. 88 പന്തില്‍ 89 റണ്‍സെടുത്ത ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ പ്രകടനവും 16 പന്തില്‍ 26 റണ്‍സെടുത്ത റിച്ച ഘോഷിന്‍റെ ഇന്നിംഗ്സും ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി.
ഓസീസ് നിരയില്‍ ഫോബി ലിച്ച്ഫീല്‍ഡിന്റെ സെഞ്ച്വറിയാണ് (93 പന്തില്‍ 119 റണ്‍സ്) ശ്രദ്ധേയമായത്. എല്ലിസ് പെറി 88 പന്തില്‍ 77 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.