ഇന്ത്യന്‍ രാഷ്ട്രീയം മാറുന്നു; കരുത്തോടെ കോണ്‍ഗ്രസ് മുന്നോട്ട്

ഇന്ത്യന്‍ രാഷ്ട്രീയം മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് നേരിട്ടത് കനത്ത തിരിച്ചടിതന്നെയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വപരമായ ചിട്ടയായ പ്രവര്‍ത്തനങ്ങളും ഭരണവിരുദ്ധ തരംഗവുമാണ് മോദിക്കും അമിത് ഷാ കൂട്ടുകെട്ടിനും തിരിച്ചടിയായത്.

2014ന് മുമ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും ബി.ജെ.പി നടത്തിയ പ്രകടനമായിരുന്നു നരേന്ദ്ര ഇന്ത്യന്‍ പ്രധാനമന്ത്രിയായത്. എന്നാല്‍ ഈ സംസ്ഥാനങ്ങള്‍ തന്നെ മോദിയെയും ബി.ജെ.പിയെയും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത് നല്‍കുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തെ ഇന്ത്യന്‍ ജനത അംഗീകരിക്കുകയും കോണ്‍ഗ്രസിന്റെ പടയോട്ടത്തിന് ഇത് കാരണമാവുകയും ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന. 2019 ന്റെ സെമിഫൈനലായ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിനും മതേതര ശക്തികള്‍ക്കും ആവേശം പകരുന്നതാണ്. സംയമനത്തിലൂടെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മക്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കരുത്ത് നല്‍കിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ കുതന്ത്രങ്ങളും പയറ്റിയ ബി.ജെ.പി ഒടുവില്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള പ്രചരണമായിരുന്നു മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അഴിച്ചുവിട്ടത്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാന്‍ ഒരു ബി.ജെ.പി നേതാവിനും നിയമസഭാതെരഞ്ഞെടുപ്പ് രംഗത്ത് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു. നോട്ട് നിരോധനം, റാഫേല്‍ ഇടപാടിലെ അഴിമതി, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, അശാസ്ത്രീയമായ ജി.എസ്.ടി നടപ്പാക്കിയ രീതികള്‍, മതസൗഹാര്‍ദ്ദങ്ങള്‍ക്കുനേരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ വെല്ലുവിളികള്‍ എല്ലാം ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണായുധം ആക്കിയപ്പോള്‍ പ്രതിരോധിക്കാന്‍ ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും കഴിഞ്ഞില്ല എന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനും പ്രത്യേകിച്ച് മതേതര കക്ഷികള്‍ക്കും വന്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.

ഭാവി രാഷ്ട്രീയത്തിന്റെ ദിശാ സൂചകമാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. അതുകൊണ്ടുതന്നെ മതേതര ശക്തികളുടെ ഒരു കൂട്ടായ്മയാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ലക്ഷ്യമിടുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ പ്രചാരകനായ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇനി പാര്‍ട്ടിക്കുള്ളില്‍ വിയര്‍ക്കേണ്ടിവരുന്ന നാളുകളാണ് തെരഞ്ഞടുപ്പ് ഫലങ്ങള്‍ ഉണ്ടാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി തകര്‍ന്നു എന്നതാണ് മറ്റൊരു സവിശേഷത.

https://youtu.be/gBRfPj1fneM

Comments (0)
Add Comment