കാര്യവട്ടം ഏകദിനത്തിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം. 105 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറിയും വിരാട് കോഹ്ലി 33 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 31ന് സ്വന്തമാക്കി.
ആവേശത്തോടെ തന്നെയായിരുന്നു വീണ്ടുമൊരു അന്താരാഷ്ട്ര മത്സരത്തിനെ അനന്തപുരി വരവേറ്റത്. മഴ ഭീഷണി ആയി നിന്നിരുന്നുവെങ്കിലും മത്സരത്തിനിടെ വില്ലനായി എത്തിയില്ല. പ്രിയതാരങ്ങളെ ആർപ്പുവിളികളോടെ വരവേറ്റു കാണികൾ. എന്നാൽ എതിരാളികളുടെ തണുപ്പൻ പ്രകടനം മത്സരത്തെ ബാധിച്ചു.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെുത്ത വിൻഡീസിന് ഒരു സന്ദർഭത്തിൽ പോലും വെല്ലുവിളി ഉയർത്താനായില്ല.
ആദ്യ ഓവറിലെ നാലാം പന്തിൽ കീറോൺ പവലിനെ ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വർകുമാറാണ് വിൻഡീസിന്റെ തകർച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവറിൽ ഈ പരമ്പരയിലെ വിൻഡീസിന്റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പിനെ അക്കൗണ്ട് തുറക്കും മുൻപ് ബൂംമ്ര ബൗൾഡാക്കി.
പിന്നീട് സാമുവൽസും റോമൻ പവലും ചേർന്ന് വിൻഡീസിനെ 36 റൺസിൽ എത്തിച്ചെങ്കിലും ആക്രമിച്ച് കളിച്ച മർലോൺ സാമുവൽസിനെ പുറത്താക്കി രവീന്ദ്ര ജഡേജ വിൻഡീസിന് അടുത്ത തിരിച്ചടി നൽകി. പിന്നീട് റോമൻ പവലുമായി സഖ്യത്തിന് ശ്രമിച്ച ഹെറ്റ്‌മെയറെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തതോടെ വിൻഡീസ് വിയർത്തു.
തൊട്ടടുത്ത ഓവറിൽ വ്യക്തിഗത സ്‌കോർ 16ൽ നിൽക്കേ റോമനെ പേസർ ഖലീൽ അഹമ്മദും പുറത്താക്കിയതോടെ വിൻഡീസ് കൂട്ടത്തകർച്ചയിലായി. പിന്നീട് ബാറ്റിങ്ങിൽ ചെറിയ പ്രതിക്ഷ പോലും ഉയർത്താൻ വിൻഡീസിനായില്ല. വാലറ്റത്തെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റൻ ജേസൺ ഹോൾഡറെ(25) ഖലീൽ അഹമ്മദ് കേദാർ ജാദവിന്റെ കൈകളിലെത്തിച്ചതോടെ വിൻഡീസിന്റെ അവസാന പ്രതീക്ഷയും നഷ്ടമായി. 29ാം ഓവറിലെ ആദ്യ പന്തിൽ കീമോ പോൾ അഞ്ച് റൺസുമായി കുൽദീപിനും കീഴടങ്ങി.
തകർച്ചയ്ക്കിടെ ദേവേന്ദ്ര ബിഷുവും കെമാർ റോച്ചും ചേർന്ന് വിൻഡീസിനെ അത്ഭുകതകരമായി 100 കടത്തി.
രണ്ട് പന്തുകളുടെ ഇടവേളയിൽ റണ്ണൊന്നുമെടുക്കാതെ ഓഷേൻ തോമസിനെയും ജഡേജ പുറത്താക്കിയതോടെ വിൻഡീസ് പോരാട്ടം 104ൽ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കാര്യമായി ഒന്നും ചെയ്യാനിനില്ലായിരുന്നു. ആയാസമില്ലാതെ ബാറ്റേന്തിയപ്പോൾ ജയം ഇന്ത്യക്കൊ്‌പ്പെ നിന്നു.
ഓഷേൻ തോമസ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണർ ശീഖർ ധവാന്റെ വിക്ക്റ്റ് നഷ്ടമായി. ആറ് റൺസാണ് ധവാന് എടുക്കാനായത്. എന്നാൽ രോഹിത് ശർമ്മയും നായകൻ വിരാട് കോഹ്ലിയും ചേർന്ന് അനായാസം ഇന്ത്യയ്ക്ക് വിജയമുറപ്പിച്ചു. ഇതിനിടെ രോഹിത് അർധസെഞ്ച്വറിയും കണ്ടു. 10ാം ഓവറിൽ ഇന്ത്യ അമ്പതും 15ാം ഓവറിൽ 100 റൺസും പിന്നിട്ടു. ഇതേ ഓവറിൽ വിജയവും ഇന്ത്യ സ്വന്തമാക്കി.
പ്രതീക്ഷിച്ച പോരാട്ടം കാണാൻ സാധിക്കാത്ത വിഷമം കാണികളിൽ ഉണ്ടായിരുന്നു.
അതേസമയം മത്സരം ഇന്ത്യ ജയിച്ചതിലെ ആവേശവും.