
‘എന്റെ ഓരോ തുള്ളി രക്തവും മഹത്തായ ഈ രാഷ്ട്രത്തിനു വേണ്ടി ചൊരിയുവാന്‍ ഞാന്‍ തയാറാണ്. നാളെ ഞാന്‍ മരിച്ചേക്കാം. എന്നാലും എന്റെ ഓരോ തുള്ളി രക്തവും രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ളതാണ്…’
1984 ഒക്ടോബര്‍ 30 -ന് ഒഡിഷയിലെ ഭുഭനേശ്വര്‍ നഗരത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്ദിരാ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ പ്രസക്ത ഭാഗമാണിത്. മരണം മുഖാമുഖം എത്തും മുമ്പ് ഭുവനേശ്വറില്‍ വെച്ച് ഇന്ദിര പറഞ്ഞത് രാജ്യം ഇന്നും മറന്നിട്ടില്ല. പൊതു സദസുകളില്‍ സംസാരിക്കാന്‍ കഴിവില്ലാതെ പരുങ്ങിയിരുന്ന ഗൂങ്കി ഗുടിയ അഥവാ മിണ്ടാട്ടം ഇല്ലാത്ത പാവക്കുട്ടി… ഗൂങ്കി ഗുഡിയയില്‍ നിന്നും ദുര്‍ഗയിലേക്ക് അതിവേഗം വളര്‍ന്ന കരുത്തയായ വ്യക്തി. ഇന്ത്യയുടെ ഉരുക്കു വനിത. ഇന്ദിര പ്രിയദര്‍ശിനി ഗാന്ധി. ലോകത്തെ ഏറ്റവും കരുത്തയായ വനിതാ ഭരണാധികാരി എന്നതിന് അപ്പുറം, ഇന്ത്യയുടെ സര്‍വോത്മുഖമായ വികസനത്തിന് അടിത്തറ പാകിയ തീഷ്ണതാ ശാലിയായ നേതാവ് എന്ന നിലയിലാണ് ചരിത്രം ഇന്ദിരാ പ്രിയദര്‍ശിനിയെ രേഖപ്പെടുത്തുന്നത്. ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിക ശക്തിയും സൈനിക ശക്തിയുമായി വളര്‍ത്തുന്നതിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വം.
1966 ജനുവരിയില്‍ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി 1977-1980 കാലയളവ് ഒഴിച്ചാല്‍ 1984 ഒക്ടോബറില്‍ തന്റെ അന്ത്യം വരെ രാജ്യത്തെ നയിച്ചു. ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കുക എന്ന ദൃഢ നിശ്ചയത്തോടെ ഇന്ദിര വിപ്ലവകരമായ നിലപാടുകളും നയങ്ങളുമായി അതിവേഗം ബഹുദൂരം സഞ്ചരിച്ചു. അതിനിടയിലാണ് 1976 ലെ അടിയന്തരാവസ്ഥയുടെ സാഹചര്യം ഉടലെടുക്കുന്നത്. അടിയന്തരാവസ്ഥയെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ മാത്രമാണ് പ്രചാരം നേടിയിട്ടുള്ളത്. അതിന്റെ മറുവശം ചര്‍ച്ച ആയതേയില്ല. ഇന്ദിരാ ഗാന്ധിയുടെ മുതലാളിത്ത വിരുദ്ധ പോരാട്ടവും സോഷ്യലിസത്തോടുള്ള കൂറും രാജ്യത്തെ വിഭാഗത്തെ വല്ലാതെ വിഷമിപ്പിച്ചു. എന്നാല്‍ രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഇന്ദിരാ ഗാന്ധി സര്‍വശക്തമായി മാറിക്കഴിഞ്ഞിരുന്നു.
ഇന്ദിര എന്ന ഭരണ തന്ത്രജ്ഞ എന്താണെന്നു എതിരാളികള്‍ കാണാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.. ‘ഇന്ദിരാ ഹഠാവോ’എന്ന മുദ്രാവാക്യത്തിന് പകരം ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ദിര തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. രാജ്യം മുഴുവന്‍ സഞ്ചരിച്ച് പട്ടിണി തുടച്ചുനീക്കാനും, തൊഴിലില്ലായ്മ പരിഹരിക്കാനും ഇന്ദിര ജനങ്ങളുടെ വിധി അഭ്യര്‍ഥിച്ചു. അവര്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. 325 സീറ്റുകളുമായി ലോക്‌സഭയില്‍ ഇന്ദിര മികച്ച ഭൂരിപക്ഷം നേടി. 1971 ലെ ഇന്തോ-പാക് യുദ്ധത്തില്‍ മഹത്തായ വിജയം കൈവരിച്ച് വെറും 14 ദിവസം കൊണ്ട് ബംഗ്ലാദേശിനെ മോചിപ്പിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ അഭിമാനമായി. ഇന്ത്യ എന്നാല്‍ ഇന്ദിര എന്നും ഇന്ദിര എന്നാല്‍ ഇന്ത്യ എന്നും രാജ്യം ആലേഖനം ചെയ്ത ദിനങ്ങള്‍
രാഷ്ട്ര സേവനത്തിന് സമര്‍പ്പിച്ച 67 വര്‍ഷത്തെ ജീവിതത്തിന്റെ അവസാനം സ്വന്തം ഹൃദയരക്തം കൊണ്ടു തന്നെ ഇന്ദിരാ ഗാന്ധി പൂര്‍ണ വിരാമമിട്ടു. ലോകം കണ്ട ഒരു ഉരുക്കു വനിതയായാണ് ചരിത്രം ഇന്ദിരയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും ഇന്ദിരയുടെ ശബ്ദം ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ പത്ത് ഭരണാധികാരികളുടെ പട്ടികയില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിന് മുമ്പായി ഇന്ദിരാ ഗാന്ധിയുടെ പേരു വരാന്‍ കാരണവും മറ്റൊന്നല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ, വെല്ലുവിളികളെ അതിജീവിച്ചും തിരിച്ചടികളെ അവഗണിച്ചുംകൊണ്ടുള്ള ശ്രീമതി ഗാന്ധിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ അംഗീകാരം മാത്രമായിരുന്നു അത്.