രാജ്യത്ത് 13,596 പുതിയ കൊവിഡ് കേസുകള്‍ ; 230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 230 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്.

ഇന്നലെ 19,582 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,34,39,331 ആയി ഉയർന്നു. 98.12 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 2020 മാർച്ചിന് ശേഷം ആദ്യമായിട്ടാണ് രോഗമുക്തി നിരക്ക് ഇത്രയും ഉയരുന്നത്.

നിലവിൽ 1,89,694 പേരാണ് ചികിത്സയിലുള്ളത്. 221 ദിവസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.37 ശതമാനമാണ്. കഴിഞ്ഞ 115 ദിവസമായി ഇത് മൂന്ന് ശതമാനത്തിൽ കുറവാണ്. ഇതുവരെ 97,79,47,783 കോടി വാക്‌സിൻ ഡോസുകൾ നൽകി.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുന്നുണ്ടെങ്കിലും ആശങ്ക അവസാനിച്ചുവെന്ന് പറയാറായിട്ടില്ലെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി കെ പോൾ പറഞ്ഞു.’കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്നത് ആശ്വസം നൽകുന്നു. എന്നാൽ ആശങ്ക അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. രണ്ടിലധികം തരംഗങ്ങൾ മറ്റ് ചില രാജ്യങ്ങളിലുണ്ടായിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment