
രാജ്യത്ത് വീണ്ടും സെന്‍സസ് നടപടികള്‍ക്ക് തുടക്കമാകുന്നു. സെന്‍സസ് 2027ന്റെ ആദ്യഘട്ടമായി കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനം ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന പ്രത്യേക 30 ദിവസത്തെ കാലയളവിനുള്ളിലാണ് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുക. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സെന്‍സസ് രണ്ടുഘട്ടങ്ങളിലായാണ് നടത്തുക. ആദ്യഘട്ടത്തില്‍ ഭവന പട്ടിക തയ്യാറാക്കലും ഭവന സെന്‍സസും 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടക്കും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുന്നത്. ഇതോടൊപ്പം വീടുകളില്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതിനുമുമ്പ് പൗരന്മാര്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കും.
ഇത്തവണത്തെ സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലായിരിക്കും. ഏകദേശം 30 ലക്ഷം ഉദ്യോഗസ്ഥര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുക. കൂടാതെ, ജാതി വിവരങ്ങളും ഇലക്ട്രോണിക് രീതിയില്‍ തന്നെ ശേഖരിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയാണ് സെന്‍സസില്‍ ജാതി വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.
1881 മുതല്‍ 1931 വരെ ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയില്‍ അവസാനമായി സമഗ്രമായ ജാതി കണക്കെടുപ്പ് നടന്നത്. സ്വാതന്ത്ര്യാനന്തര സെന്‍സസുകളില്‍ ജാതി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2021ല്‍ നടത്തേണ്ടിയിരുന്ന പത്തുവര്‍ഷത്തെ സെന്‍സസ് കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് വൈകിയത്. 2011 സെന്‍സസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 1,210.19 ദശലക്ഷമാണ്. ഇതില്‍ 623.72 ദശലക്ഷം പുരുഷന്മാരും (51.54 ശതമാനം) 586.46 ദശലക്ഷം സ്ത്രീകളും (48.46 ശതമാനം) ഉള്‍പ്പെടുന്നു.