അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗില്‍ നാളെ കലാശക്കൊട്ട്. ഇന്ത്യ മാസ്റ്റേഴ്സും വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സും തമ്മിലാണ് വാശിയേറിയ ഫൈനല്‍ പോരാട്ടം നടക്കുന്നത്. റായ്പൂര്‍ സ്റ്റേഡിയത്തില്‍ നാളെ രാത്രി 7:30 ക്കാണ് മല്‍സരം നടക്കുക. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഇന്ത്യ മാസ്റ്റേഴ്സിനെ നയിക്കുമ്പോള്‍ സൂപ്പര്‍ താരം ബ്രയാന്‍ ലാറയാണ് വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സിനെ നയിക്കുന്നത്.
ഐഎംഎല്ലിന്റെ ആദ്യ സെമിഫൈനലില്‍ ഓസ്ട്രേലിയയെ 94 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. അതേസമയം, രണ്ടാം സെമിഫൈനലില്‍ ശ്രീലങ്ക മാസ്റ്റേഴ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തിയാണ് വിന്‍ഡീസ് ഫൈനലില്‍ പ്രവേശിപ്പിച്ചത്. ക്യാപ്്റ്റന് സച്ചിന് ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിങ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരുടെ പ്രകടനം തന്നെയാണ് ഫൈനലിലും ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. വിന്‍ഡീസ് താരം ക്രിസ് ഗെയില്‍, ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യ ഭയക്കേണ്ടത്. ഒരിക്കല്‍ കൂടി ഇതിഹാസ താരങ്ങളുടെ വെടിക്കെട്ട് മല്‍സരങ്ങള്‍ കാണാനുള്ള ത്രില്ലിലാണ് ക്രിക്കറ്റ് ആരാധകര്‍. ആവേശപ്പോരാട്ടത്തിന്റെ അന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ മല്‍സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമെ ബാക്കിയുള്ളു.