ഏകീകൃത സിവില്‍ കോഡില്‍ സിപിഎം ലക്ഷ്യം രാഷ്ട്രീയ ലാഭം മാത്രം; കെഎസ്ആർടിസിയെ തകർത്തതില്‍ ഒന്നാം പ്രതി സർക്കാർ: വി.ഡി സതീശന്‍

 

കൊച്ചി: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ പൂട്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതേസമയം ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ രാഷ്ട്രീയ ലാഭം മാത്രമാണ് സിപിഎം ലക്ഷ്യമെന്നും കോൺഗ്രസിനെതിരായ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം സെമിനാറില്‍ പങ്കെടുത്തവരെ അപമാനിക്കുന്നതാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

സാധാരണക്കാർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ സംസ്ഥാന സർക്കാർ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ഒരു ദയവും ഇല്ലാത്ത തരത്തിലാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് പെരുമാറുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
കെഎസ്ആര്‍ടിസി പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വിഫ്റ്റ് ഉണ്ടാക്കിയത്. ലാഭമുള്ള റൂട്ടുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റി ലാഭകരമല്ലാത്ത റൂട്ടുകളൊക്കെ കെഎസ്ആര്‍ടിസിക്ക് നല്‍കി. കെഎസ്ആര്‍ടിസി നഷ്ടത്തിലായിട്ടും സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കെഎസ്ആര്‍ടിസിയെ തകര്‍ത്തതില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം സെമിനാറില്‍ പങ്കെടുത്തവരെയെല്ലാം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റേത്. കോണ്‍ഗ്രസിനെതിരെ പ്രതികരിക്കണമെന്നാണോ ഇന്നലെ നടന്ന സെമിനാറില്‍ തീരുമാനിച്ചതെന്ന് വി.ഡി സതീശൻ ചോദിച്ചു. സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്ന് കരുതിയാണ് മതസംഘടനകള്‍ സെമിനാറില്‍ പങ്കെടുത്തത്. എന്നാല്‍ ഒപ്പം നിന്നില്ലെന്നു മാത്രമല്ല, രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ കോണ്‍ഗ്രസ് അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ലന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Comments (0)
Add Comment