കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരന് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. മഹാരാജാസ് കോളേജിന് മുന്നില്‍ വെച്ച് എസ്എഫ്‌ഐ സംഘം ആക്രമിച്ചത്. ബസിൽ നിന്നും വലിച്ച് റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ പറയുന്നു. ചോറ്റാനിക്കര ആലുവ റൂട്ടിലെ സാരഥി എന്ന ബസിലെ കണ്ടക്ടർ ജെഫിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥി കൺസഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് സൂചന.
രണ്ടാഴ്ച മുമ്പ് കണ്‍സഷനുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണ് എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തില്‍ കലാശിച്ചത്. രാവിലെ ആറുമണികഴിഞ്ഞ് വിദ്യാർത്ഥികൾ ബസ് കൺസെഷൻ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴുമണിമുതലാണ് ബസ് കൺസെഷൻ സമയമെന്നും മുഴുവൻ പണവും വേണമെന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇതിൽ രണ്ടു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. കൺസഷൻ നൽകാതെ കണ്ടക്ടർ വിദ്യാർത്ഥികളെ ഇറക്കിവിടുകയും ചോദ്യംചെയ്തവരെ മര്‍ദ്ദിക്കുകയും ചെയ്തെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഇന്നു നടന്ന ആക്രമണമെന്നാണു ബസ് ജീവനക്കാർ പറയുന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഒന്നരയാഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്ന് കണ്ടക്ടർ ജെഫിൻ പറഞ്ഞു. തുടര്‍ന്ന് ജെഫിന്‍ വീണ്ടും ബസില്‍ ജോലിയില്‍ പ്രവേശിച്ചദിവസമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിച്ചത്.
ഇന്ന് ഉച്ചയോടെ സാരഥി ബസില്‍ കയറിയ ആള്‍ മഹാരാജാസിലേക്ക് ടിക്കറ്റ് എടുക്കുകയും കണ്ടക്ടറുമായി തർക്കിക്കുകയും ചെയ്തെന്ന് ബസ് ജീവനക്കാർ പറയുന്നു. ബസ് മഹാരാജാസ് കോളേജിന് മുന്നിലെത്തിയതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബസിനുള്ളിലേക്ക് കയറുകയും ജെഫിനെ ആക്രമിക്കുകയുമായിരുന്നു. ബസിന്‍റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ജെഫിനെ റോഡിലേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ജെഫിന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.