വടകര എം.പി കെ മുരളീധരൻ റെയിൽവെ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. തലശേരി, വടകര, കൊയിലാണ്ടി റെയിൽവെ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി.
പ്രഖ്യാപിച്ച പ്രവൃത്തികൾ പോലും ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം മൂലം മന്ദഗതിയിലാണെന്ന് അദ്ദേഹം കേന്ദ്ര മന്ത്രിയെ അറിയിച്ചു. ചില ദീർഘ ദൂര ട്രെയിനുകൾക്ക് തലശേരി, വടകര റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും മംഗലാപുരം – കോയമ്പത്തൂർ , എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനുകൾ, നേത്രാവതി എക്സ്പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
കോട്ടക്കടവിൽ മേൽപ്പാലം പണിയാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ നിർദേശം ഉടൻ ഉണ്ടാകണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. ജനറൽ മാനേജറുടെ യോഗത്തിൽ സമർപ്പിച്ച ശുപാർശകൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും അഭ്യർത്ഥിച്ചു.