ക്രൂരതയ്ക്ക് മരണം വരെ ജയില്‍; കോവളത്തെ വിദേശവനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Jaihind Webdesk
Tuesday, December 6, 2022

 

തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് മരണം വരെ തടവുശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ക്ക് കോടതി ഇരട്ടജീവപര്യന്തം വിധിച്ചു. ഇരുവരും 1,65,000 രൂപ പിഴയും അടയ്ക്കണം. വിധിപ്രസ്താവിച്ചതിന് പിന്നാലെ പ്രതികള്‍ കോടതിയില്‍ രോഷാകുലരായി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് നാല് വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്.

കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2018 മാര്‍ച്ച് 14 നാണ്  ലാത്വിയന്‍ സ്വദേശിയായ യുവതിയെ കാണാതായത്. യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം പോത്തൻകോടുള്ള ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദേശ വനിതയെയാണ് കാണാതായത്. കോവളത്തേക്ക് ഓട്ടോയിൽ പോയ യുവതിയെ കാണാതാവുകയായിരുന്നു. സഹോദരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പിന്നീട് ഇവരുടെ മൃതദേഹം ഏപ്രില്‍ 20 ന് കോവളം വാഴമുട്ടം പൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ അഴുകിയനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് സഹോദരിയുടെ ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്.

കോവളം നിവാസികളായ ഉമേഷും ഉദയകുമാറുമാറും കൂനംതുരുത്തെന്ന പൊന്തക്കാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് കഞ്ചാവ് നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വിദേശ വനിതയ്ക്ക് ബോധം വന്നപ്പോൾ പ്രതികളുമായി വാക്കേറ്റമുണ്ടായി. ഇതോടെ പ്രതികൾ യുവതിയെ കഴുത്തുഞെരിച്ചുകൊന്നു. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ആളുകളെത്താത്ത സ്ഥലത്ത് കാട്ടുവള്ളി കഴുത്തിൽ കുരുക്കിയെന്നുമാണ് പോലീസ് ഭാഷ്യം.

2022 ജൂൺ ഒന്നിനാണ് വിചാരണ ആരംഭിച്ചത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിചാരണ ആരംഭിച്ചത്. കേസിൽ മൂന്ന് വർഷമായിട്ടും വിചാരണ വൈകുന്നതിനെതിരെ കൊല്ലപ്പെട്ട വനിതയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചതോടെ സമയബന്ധിതമായി വിചാരണ തീർക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. 30 സാക്ഷികളെ വിസ്തരിച്ചപ്പോൾ രണ്ട് പേർ കൂറുമാറി.