കാര്‍ഷിക ബില്‍: തുറന്ന ചര്‍ച്ചയെ കേന്ദ്രം ഭയക്കുന്നതെന്തിനെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Monday, September 21, 2020

തിരുവനന്തപുരം: നോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.

കാര്‍ഷിക ബില്‍ രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതേക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയെ എന്തിനാണ് ഭയക്കുന്നത്? ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ നിര്‍ദയം നിരാകരിച്ചു. ചര്‍ച്ചയില്ലാതെ ധൃതി പിടിച്ച് നടപ്പാക്കുന്നതുകൊണ്ടാണ് ഇത് കര്‍ഷകര്‍ക്ക് എതിരാണെന്നും കുത്തകകളെ സഹായിക്കാനാണ് എന്നും മറ്റുമുള്ള വിമര്‍ശനം ഉയരുന്നത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ അവകാശമുള്ള കണ്‍കറന്‍റ് ലിസ്റ്റിലാണ് കൃഷി ഉള്‍പ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല. നോട്ട് നിരോധനം അര്‍ധരാത്രിയില്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ പോലും അറിഞ്ഞില്ല. എണ്ണയിട്ട യന്ത്രം പോലെ ഓടിക്കോണ്ടിരുന്ന സമ്പദ്ഘടനയെ ട്രാക്കില്‍ നിന്നു വലിച്ചെറിയുകയാണ് അന്ന് ചെയ്തത്. അതിന്‍റെ കെടുതിയില്‍ നിന്ന് രാജ്യം കരകയറിയില്ല. തയാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രത്യാഘാതവും രാജ്യം അനുഭവിക്കുന്നു. ജിഎസ്ടിയും വാറ്റും സംയുക്തമായി കുറച്ചുകാലത്തേക്കു നടപ്പാക്കി പിന്നീട് ജിഎസ്ടിയിലേക്കു പൂര്‍ണമായി മാറാമെന്ന മുന്‍കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ വലിയ സാമ്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഒരു രാജ്യം ഒരു വിപണി എന്ന് ഇന്ന് ഉയര്‍ത്തിയ മുദ്രാവാക്യം പോലെ, ജിഎസ് ടി നടപ്പാക്കിയപ്പോള്‍ ഒരു രാജ്യം ഒരു നികുതി എന്ന് അന്നു മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

നോട്ടു നിരോധനവും ജിഎസ്ടിയും കൊവിഡ് 19 ഉം രാജ്യത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് കാര്‍ഷിക ബില്‍ കടന്നുവരുന്നത്. ഇന്ത്യയുടെ മൊത്തം മൂല്യവര്‍ധനവില്‍ (ജിഎസ് വിഎ) കാര്‍ഷികമേഖലയുടെ പങ്ക് 2012-13ല്‍ 17.8% ആയിരുന്നത് 2017-18ല്‍ 14.9% ആയി കുറഞ്ഞിരിക്കുകയാണ്. കര്‍ഷക ആത്മഹത്യകള്‍ കുതിച്ചുയരുന്നു. ഗ്രാമീണ മേഖലയില്‍ 70% പേരും കൃഷിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്രയും വലിയ ജനവിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഏതൊരു നിയമവും അതീവ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.