കൊച്ചി: ഇലന്തൂർ നരബലികേസിൽ ഒന്നാം പ്രതി ഷാഫിയുടെ സഹതടവുകാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി അന്വേഷണ സംഘം. ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്‍റെയും പേരിൽ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.
മുരുകദാസ് എന്ന പേരിലാണ് ഷാഫി സിദ്ധനായി ദമ്പതികളെ കബളിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പത്തോളം കേസുകളിൽ പ്രതിയായ ഷാഫി പുത്തൻകുരിശിൽ എഴുപത്തഞ്ചുകാരിയെ മൃഗീയമായി പീഡിപ്പിച്ച കേസിൽ 2020 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഒരു വർഷം ജയിലിൽ കിടന്ന ഷാഫി കൊവിഡ് കാലത്താണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെയാണ് ഭഗവൽ സിംഗിനെ ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി വശത്താക്കുന്നത്. ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ ശ്രീദേവി പരിചയപ്പെടുത്തി. ഇയാളുടെ അരുമ ശിഷ്യനായിട്ടായിരുന്നു ഷാഫിയുടെ രംഗപ്രവേശം.
കൊടും ക്രിമിനലായ ഷാഫിയെ ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക്ക് നയിച്ചതിൽ ജയിൽവാസകാലം പ്രധാന ഘടകമായെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. നാരീപൂജ ഉൾപ്പെടെയുള്ള വിചിത്ര പൂജാവിധികളിൽ ഏർപ്പെട്ട് യുവതികളെ ദുരുപയോഗം ചെയ്തവരുടെ സ്വാധീനവും പോലീസ് സംശയിക്കുന്നു. സമാന കേസുകളിൽ നേരത്തെ പിടിയിലായവരും അവരുടെ കൂട്ടാളികളും അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഷാഫി വ്യക്തമായ മറുപടി നൽകാത്തതും സംശയം വർധിപ്പിക്കുന്നു. അതേസമയം ഷാഫിക്കെതിരെ കേസിലെ മറ്റൊരു പ്രതിയായ ലൈല അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. മറ്റ് ചിലരെ കൂടി ഷാഫി കൊലപ്പെടുത്തിയതായി സംശയിക്കുന്നുണ്ടെന്നാണ് ലൈല അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതെന്നാണ് സൂചന.