IFFK 2023: ചലച്ചിത്ര മേളയില്‍ കയ്യടി നേടി വനിതാ സംവിധായകരുടെ ചിത്രങ്ങള്‍

 

തിരുവനന്തപുരം: 41 വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങളാണ് 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇക്കുറി മാറ്റ് കൂട്ടിയത്. ലോകത്തെക്കുറിച്ചുള്ള സ്ത്രീകളുടെ അഭ്രപാളിയിലെ കാഴ്ചകളെയും കാഴ്ചപ്പാടുകളേയും വിലയിരുത്തലുകളേയും നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്.

രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടുകയാണ്‌ വനിതാ സംവിധായികമാരുടെ ചലച്ചിത്രങ്ങൾ.
സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയുവിന്‍റെ ‘റഫീക്കി’ എന്ന ചിത്രത്തിന് മേളയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കെനിയയിലെ യാഥാസ്ഥിതിക ചിന്തകൾക്കെതിരെ പോരാടുന്ന വനൂരിയുടെ റഫീക്കി വേറിട്ട കാഴ്ചയാണ് ഒരുക്കിയത്. കഹിയുവിന്‍റെ ‘ഫ്രം എ വിസ്പർ’, ‘പുംസി’ എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

യുകെയിലേക്ക് കുടിയേറുന്നവരുടെ ദുരവസ്ഥ ചർച്ച ചെയ്യുന്ന നഥാലിയ ശ്യാം ചിത്രം ‘ഫുട്പ്രിന്‍റ്സ് ഓൺ വാട്ടറി’നെ മേളയിൽ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒൾഫാ എന്ന സ്ത്രീയുടെ ജീവിതം പ്രമേയമാക്കി ടുണീഷ്യൻ സംവിധായിക കാവോത്തർ ബെൻ ഹനിയ ഒരുക്കിയ ‘ഫോർ ഡോട്ടേഴ്സും’ ഏറെ ജനപ്രീതി നേടി.

വിദേശ സംവിധായികമാർക്കൊപ്പം മലയാള സംവിധായികമാരുടെ ചലച്ചിത്രങ്ങുളും മേളയിൽ വേറിട്ട കാഴ്ചകൾ ഒരുക്കി. ആറു സ്ത്രീകളുടെ കഥ പറയുന്ന ശ്രുതി ശരണ്യത്തിന്‍റെ ‘ബി 32 മുതൽ 44 വരെ’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’ തുടങ്ങിയ ചലച്ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.

Comments (0)
Add Comment