കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സമാപന ചടങ്ങില്‍ കടുത്ത സംഘര്‍ഷം. പോയിന്റ് നല്‍കിയതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മികച്ച സ്കൂളുകളുടെ പട്ടികയിൽ ജിവി രാജ സ്കൂളിനെ ഉൾപ്പെടുത്തിയത് പ്രതിഷേധത്തിന് കാരണമായി. ഇത് പോലീസും വിദ്യാർഥികളും തമ്മിൽ കൈയാങ്കളിയിൽ കലാശിച്ചു. സംഘർഷം രൂക്ഷമായതോടെ സമാപന ചടങ്ങുകൾ നേരത്തേ അവസാനിപ്പിച്ചു.ജിവി രാജ സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയെന്ന വിദ്യാർഥികളുടെ ആരോപണമാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, കായിക മന്ത്രി വി. അബ്ദുൾ റഹ്മാൻ എന്നിവർ വേദിയിലെത്തിയിരുന്നു. ബഹളത്തെ തുടർന്ന് പോലീസ് അവരെ സുരക്ഷിതമായി മാറ്റി. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എന്നാൽ, ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജി.വി. രാജയ്ക്ക് രണ്ടാംസ്ഥാനം.
വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ‘മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ’, എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മർദ്ദിച്ചതായും ആരോപണം ഉയരുന്നു.