ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന്‍റെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു ; പ്രവർത്തനം വിപുലീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി

Jaihind News Bureau
Tuesday, October 13, 2020

ഇടുക്കി : ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ടീമിന്‍റെ മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ മേജർ രവിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പെട്ടിമുടി ദുരന്തമുണ്ടാകുന്നതിന് രണ്ടു ദിവസം മുമ്പാണ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീം പ്രവർത്തനം തുടങ്ങിയത്. പെട്ടിമുടി ദുരന്തമുഖത്ത് നിന്നും മാറാതെ രക്ഷാപ്രവർത്തനങ്ങൾക്ക് നേേതൃത്വം നൽകിയ എം.പി ഡീൻ കുര്യാക്കോസും എം.പിയുടെ ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമും ഏറെ പ്രശംസ നേടിയിരുന്നു. പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുന്നതിനായാണ് മൊബൈൈൽ ആപ്പ് ആരംഭിക്കുന്നത്.

വിദഗ്ധ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് ആവശ്യമായിട്ടുള്ളതെന്ന് പ്രശസ്ത സിനിമാ സംവിധായകൻ മേജർ രവി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റിന്‍റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജർ രവിയാണ് സംഘടനയുടെ മുഖ്യരക്ഷാധികാരി.

ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള 250 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്. തുടർന്ന് ഏഴ് അസംബ്ലി മണ്ഡലങ്ങളിലും സേനയുടെ യൂണിറ്റുകൾ ആരംഭിക്കും. പഞ്ചായത്ത് തലത്തിലുള്ള യൂണിറ്റുകൾ നിലവിൽ വരുന്നതോടെ ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും സേവന സന്നദ്ധരായ സേനാംഗങ്ങൾ സജ്ജരാകുമെന്ന് എം.പി പറഞ്ഞു.

രക്തദാനം ഉൾപ്പടെയുള്ള സേവനങ്ങൾ ഇടുക്കി ഡിസാസ്റ്റർ മനേജ്മെന്‍റ് ടീമിലൂടെ ലഭ്യമാക്കും. ഹെൻട്രി ടെക് കമ്പനി തയാറാക്കിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷനിലൂടെ സേനയിൽ അംഗമാകുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനും സാധിക്കും. പ്രധാനമായും ലൈഫ് സേവർ ട്രെയിനിംഗ്, സി.പി.ആർ, സ്വിമ്മിംഗ്, ലൈഫ് ഗാർഡ് ട്രെയിനിംഗ്, എൻവയോൺമെന്‍റ് സ്റ്റഡി, ഡിസാസ്റ്റർ ട്രെയിനിംഗ്, അഡ്വഞ്ചർ സ്പോർട്സ്, സ്കൂബ ഡൈവിംഗ് തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തുന്നതാണ്..