രാജീവ് ഗാന്ധിക്കെതിരായ പരാമർശത്തില്‍ മോദിയെ തള്ളി രാജ്നാഥ് സിംഗ്; ‘ഒരു പ്രധാനമന്ത്രിയെക്കുറിച്ചും മോശമായി സംസാരിക്കില്ല’

Jaihind Webdesk
Sunday, May 12, 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മോദിയെ തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഒരു പ്രധാനമന്ത്രിയെക്കുറിച്ചും താന്‍ മോശമായി സംസാരിക്കില്ലെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. രാജീവ് ഗാന്ധിക്കെതിരെ മോദി നടത്തിയ പരാമര്‍ശം വലിയ വിവാദമായ സാഹചര്യത്തിലായിരുന്നു രാജ്നാഥ് സിംഗിന്‍റെ പരോക്ഷ വിമര്‍ശനം.

‘ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും ഒരു പ്രധാനമന്ത്രിയെക്കുറിച്ചും മോശം പരാമര്‍ശം നടത്തില്ല. രാജ്യത്തിന് വേണ്ടി ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഞാന്‍ പറയില്ല. എല്ലാ പാര്‍ട്ടികളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്, അവരുടെ പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം’ – ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

മോദിയുടെ പരാമര്‍ശത്തിനെതിരെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും രക്തസാക്ഷിയെ അപമാനിച്ച നിങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്ന് പ്രിയങ്കയും മോദിക്ക് മറുപടി നല്‍കിയിരുന്നു. രാജ്യമൊട്ടാകെ നിരവധി നേതാക്കളും മോദിക്കെതിരെ രംഗത്തെത്തി. രാജ്നാഥ് സിംഗും മോദിയെ പരോക്ഷമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.