ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ശ്രീനാഥ് ഭാസി

Jaihind News Bureau
Monday, April 7, 2025

ആലപ്പുഴയില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് യുവതിയെ പിടികൂടിയ സംഭവത്തില്‍ സിനിമാ താരം ശ്രീനാഥ് ഭാസി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. സിനിമാ പ്രവര്‍ത്തകര്‍ക്ക് ലഹരി കേസുമായി ബന്ധമുണ്ടെന്നും പിടിയിലായ തസ്ലീമ എന്ന യുവതിയുമായി ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് രേഖകള്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് എക്‌സൈസിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. എക്‌സൈസ് അറസ്റ്റിനെ ഭയമുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു പോലെ തനിക്കും അറസ്റ്റിലായ യുവതിക്കും യാതൊരു ബന്ധവുമില്ലെന്നും അതിനാലാണ് മുന്‍കൂര്‍ ഹര്‍ജി നല്‍കുന്നതെന്നും താരം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായ കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. പ്രതികളുടെ ഫോണ്‍ പരിശോധിച്ചപ്പോഴടക്കം ചില സിനിമ താരങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. ഈ താരങ്ങളെ വിളിച്ച് വരുത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്‌സൈസ് അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചിട്ടുള്ളത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.