സംരംഭകയുടെ പരാതിയില്‍ ആന്തൂർ നഗരസഭ അധ്യക്ഷയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു

Jaihind Webdesk
Thursday, July 11, 2019

ആന്തൂർ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ആന്തൂർ നഗരസഭയിൽ ഉൾപ്പെടുന്ന വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്കിലെ സംരംഭക കെ. സുഗിലയുടെ പരാതിയിലാണ് കമ്മീഷൻ അംഗം പി മോഹനദാസ് കേസ് എടുത്തത്.

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയെ തുടർന്നാണ് വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്കിലെ സംരംഭക കെ. സുഗിലയുടെ ദുരനുഭവും പുറത്തുവന്നത്. ആന്തൂർ നഗര സഭ പൂട്ടിച്ച ഇക്കോ പാർക്കിലെ ടൂറിസം സെന്‍റർ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസും അനുബന്ധ അനുമതികളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുഗില മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്കും, നഗരസഭ സെക്രട്ടറിക്കും എതിരെയാണ് സുഗിലയുടെ പരാതി.

നഗരസഭയുടെ നടപടി കാരണം വൻ സാമ്പത്തിക നഷ്ടം ഉണ്ടയതായും സുഗില മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള ഇടപെട്ടാണ് സുഗിലയുടെ സംരംഭത്തിന് അനുമതി നൽകാതിരുന്നതെന്ന് സുഗിലയുടെ പരാതിയിൽ പറയുന്നുണ്ട്

സുഗിലയുടെ പരാതി പരിശോധിച്ച മനുഷ്യാവകാശ കമ്മീഷനംഗം പി.മോഹൻദാസാണ് കേസ് എടുത്തത്. പരാതിയിൽ മറുപടി നൽകാൻ ആന്തൂർ നഗരസഭ ചെയർപേഴ്സൻ, നഗരസഭ സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവർക്ക് കമ്മീഷൻ നാല് ആഴ്ചത്തെ സമയം അനുവദിച്ചു. ആന്തൂരിലെ പ്രവാസി വ്യവസായി അത്മഹത്യ ചെയത കേസും കമ്മീഷന്‍റെ പരിഗണയിലുണ്ട്. രണ്ടു കേസുകളും അടുത്ത മാസം 13 കമ്മീഷൻ വീണ്ടും പരിഗണിക്കും. നഗരസഭയുടെ നടപടി കാരണം ഉണ്ടായ നഷ്ടം പരിഹരിച്ച് കിട്ടുന്നതിന് സിവിൽ കോടതിയെ സമീപിക്കുമെന്നും സുഗില വ്യക്തമാക്കി.

https://youtu.be/odIgdJXTA5Q