എഐ ഇടപാടില്‍ വന്‍ അഴിമതി; ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതി: എല്ലാം കണ്ണൂർ കേന്ദ്രീകരിച്ച കറക്കുകമ്പനികളെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, April 24, 2023

 

കൊച്ചി: എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍ കൊള്ളയും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ക്കു പോലും കരാര്‍ കമ്പനികളെക്കുറിച്ച്‌ അറിയില്ല. കരാര്‍ കിട്ടിയ കമ്പനി ഉപകരാര്‍ കൊടുത്തു. കെ ഫോണിന് പിന്നിലും ഇവരാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന കറക്കുകമ്പനികളാണ്. പവര്‍ ബ്രോക്കേഴ്സ് ആണിവര്‍. കെല്‍ട്രോണിന്‍റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അഴിമതിക്ക് പിന്നില്‍ സിപിഎമ്മാണ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

എഐ ക്യാമറ ജനത്തിന് മേലുള്ള മറ്റൊരു കൊള്ളയാണ്. കെല്‍ട്രോണ്‍ പറഞ്ഞതിലും വ്യക്തതയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നോട്ടില്‍ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാര്‍ക്ക് പോലും ഇതറിയാന്‍ വഴിയില്ല. ഇതുപോലെ പദ്ധതിക്ക് പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡം വ്യക്തമാക്കേണ്ടതായിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളേതൊക്കെയാണ്? എസ്‌ആര്‍ഐടി (SRIT) കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ഷ്യം ഉണ്ടാക്കി ഉപകരാര്‍ കൊടുത്തു. ഇവര്‍ക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കുകമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ടെണ്ടര്‍ നടപടികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു. കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോന്നായി പുറത്തുവിടും. 9 ലക്ഷം രൂപ പോയിട്ട്, അതിന്‍റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാന്‍ഡ് ക്യാമറകള്‍ കിട്ടുമ്പോള്‍ എന്തിനാണ് ഇതിന്‍റെ ഘടകങ്ങള്‍ വാങ്ങി അസംബിള്‍ ചെയ്തത്? 232 കോടിയുടെ പദ്ധതിയില്‍ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്‍റി കിട്ടും. എന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്ക് 66 കോടി രൂപ മെയിന്‍റനന്‍സിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പൂര്‍ണമായി വാങ്ങാവുന്ന ക്യാമറ കെല്‍ട്രോണ്‍ പാര്‍ട്സായി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണം. 1000 കോടി രൂപ വര്‍ഷം ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സര്‍ക്കാരിന്‍റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്‍റെ കീശ കൊള്ളയടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.