കച്ചേരിക്കടവിൽ നാട്ടുകാര്‍ക്ക് ഭീഷണിയായി കൂറ്റൻ പാറ; അടി ഇളകി അപകടാവസ്ഥയിലായ പാറ പൊട്ടിച്ചുമാറ്റാന്‍ ഒരു വര്‍ഷമായിട്ടും നടപടിയില്ല

Jaihind News Bureau
Wednesday, August 21, 2019

കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ  അടി ഇളകിയ കൂറ്റൻ പാറ പ്രദേശത്തെ നിരവധി വീടുകൾക്ക്  ഭീഷണിയാകുന്നു. കഴിഞ്ഞ കാലവർഷത്തിൽ അപകടാവസ്ഥയിലായ പാറ പൊട്ടിച്ച് മാറ്റുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാറ ഇളകി താഴേക്ക് പതിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ കഴിയുന്നത്.

അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് മേഖലയിലെ 9 ഓളം കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ് കൃഷി ഭൂമിയിലുള്ള കൂറ്റൻ പാറ. കഴിഞ്ഞ കാലവർഷത്തിൽ പാറയുടെ ഒരു ഭാഗം  അടർന്ന് മാറിയതിനെ തുടർന്ന്  പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. തുടർന്ന് റവന്യൂ അധികൃതർ ഇടപെട്ട് പാറ പൊട്ടിച്ച് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും പാറപൊട്ടിച്ച് മാറ്റാൻ യാതൊരു നടപടിയും ഉണ്ടായില്ല. ഇത്തവണ കാലവർഷവും പ്രളയവും വന്നപ്പോൾ ഭീതിയോടെയാണ് പ്രദേശവാസികൾ കഴിഞ്ഞത്. കനത്ത മഴയെ തുടർന്ന്  പാറക്കെട്ടിന്‍റെ അടിവാരത്ത് താമസിക്കുന്ന കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു അഭയം തേടിയത്. വലിയ പാറ തെന്നി താഴേക്ക് വീഴുമോ ആശങ്കയിലാണ് ഓരോ കുടുംബവും കഴിയുന്നത്.

പാറയുടെ സമീപത്തുണ്ടായിരുന്ന വലിയ ഒരു കുളവും മണ്ണിടിച്ചിലിൽ മൂടിപ്പോയി ഇതോടെ സമീപവാസികളുടെ  കുടിവെള്ള സ്രോതസ്സും ഇല്ലാതായി..  ഒരു ദുരന്തത്തിന് കാത്ത് നിൽക്കാതെ ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന പാറ പൊട്ടിച്ച് മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .