28 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ചരിത്ര വിധി വരുന്നത്. ശബരിമല സന്നിധാനത്ത് നടന്ന ഒരു ചോറൂണിന്റെ ചിത്രമാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലേക്ക് വഴിതെളിച്ചത്.
ദേവസ്വം കമ്മീഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണിന്റെ ചിത്രം ഓഗസ്റ്റ് 19 ന് ചില ദിനപത്രങ്ങളിൽ വന്നിരുന്നു. ഈ ചിത്രമാണ് കാൽനൂറ്റാണ്ട് പിന്നിട്ട ശബരിമല സ്ത്രീ പ്രവേശന കേസിന്‍റെ തുടക്കം. ചങ്ങനാശേരി സ്വദേശിയായ എസ് മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി ഹൈക്കോടതിക്ക് ഒരു പരാതി അയച്ചു. 1990 സെപ്റ്റംബർ 24ന് നൽകിയ പരാതിയിൽ ശബരിമലയിൽ ചിലർക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികൾ ശബരിമലയിൽ കയറുന്നു എന്നുമായിരുന്നു ആരോപണം.
പരാതി റിട്ട് ഹർജിയായി പരിഗണിക്കാൻ ജസ്റ്റിസുമാരായ കെ പരിപൂർണൻ, കെ.ബി മാരാർ എന്നിവർ തീരുമാനിച്ചു. ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം പരിഗണിച്ച ഹർജിയിൽ 1991 ഏപ്രിൽ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും വിധിയിൽ പറഞ്ഞു.
പിന്നീട് 15 വർഷത്തിന് ശേഷമാണ് 2006 ൽ യംഗ് ലോയേഴ്‌സ് അസോസിയേഷൻ സുപ്രീം കോടതിയിൽ ഹർജി നൽകുന്നത്. 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയിലേക്ക് എത്തിയതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. കേസിൽ ഭരണഘടനപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് കണ്ടെത്തി.
2017 ഒക്ടോബർ 13ന് അഞ്ച് ചോദ്യങ്ങളോടെയാണ് ശബരിമല കേസ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനാ ബെഞ്ചിലേക്ക് വിട്ടത്. എട്ട് ദിവസം തുടർച്ചയായി വാദം കേട്ടതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് ശബരിമല കേസ് വിധി പറയാൻ മാറ്റിവെച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെ കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജസ്റ്റിസ് ദീപക് മിശ്ര ഈ ചരിത്രവിധി പ്രസ്താവിച്ചതെന്നതും ശ്രദ്ധേയമാണ്.