ഇടതുചെങ്കോട്ട തകര്‍ത്ത് അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ നേടിയത് ചരിത്ര വിജയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലമാണ് അരൂര്‍. അരനൂറ്റാണ്ടിന് ശേഷമാണ് സി.പി.എമ്മിന്‍റെ കോട്ടയായ അരൂരില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയം നേടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പേരില്‍ മേനിപറയുന്ന സി.പി.എമ്മിന് ഒന്നും അവകാശപ്പെടാനില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണ ഒരിക്കല്‍ക്കൂടി വെളിവാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം. ഇരുവരുടേയും വോട്ടുകച്ചവടം സംബന്ധിച്ച് തെരഞ്ഞെടുപ്പിന്‍റെ ആരംഭത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുള്ളതാണ്. അത് അടിവരയിടുന്നതാണ് പുറത്തുവന്ന ഫലം.
വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 14,465 വോട്ടിന് വിജയിച്ചപ്പോള്‍ 2016ല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് ഷെയറില്‍ നിന്നും 16,247 വോട്ടിന്റെ കുറവ് വന്നിട്ടുണ്ട്. ബി.ജെ.പിയുടെ ഈ വോട്ടുകള്‍ എങ്ങോട്ടാണ് പോയത്. ഇത് വിശദീകരിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തയാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനവിധിയെ മാനിക്കുന്നതായും ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
യു.ഡി.എഫിന്‍റെ ശക്തിദൗര്‍ബല്യം മനസിലാക്കാന്‍ സഹായിച്ച സുപ്രാധാന ജനവിധിയാണിത്. ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ഈ മാസം 27 ന് വൈകുന്നേരം 6ന് രാഷ്ട്രീയകാര്യ സമിതി കെ.പി.സി.സി ആസ്ഥാനത്ത് ചേരും. തുടര്‍ന്ന് ഉപതെരഞ്ഞടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളുടേയും അവലോകനം ഡി.സി.സികളുടെ നേതൃത്വത്തില്‍ നടക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.