ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 മരണം; ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി

ഹിമാചല്‍ പ്രദേശ്: കുളുവിലെ ബന്‍ജാറില്‍ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 42 ആയി. എഴുപതിലേറെ യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍‌ മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബന്‍ജാറില്‍ നിന്ന് ഗദഗുഷയ്നി ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.

അപകടത്തില്‍ 42 പേര്‍ മരിച്ചതായും 30 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും പോലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പോലീസിനൊപ്പം സമീപവാസികളും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. പരിക്കേറ്റവരെ ബന്‍ജാര്‍ സിവില്‍ ആശുപത്രിയിലും കുളു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എച്ച്.പി 66 – 7065 എന്ന ബസാണ് അപകടത്തില്‍ പെട്ടത്. അഞ്ഞൂറടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. വീഴ്ചയില്‍ ബസിന്‍റെ മുകള്‍ഭാഗം പൂർണമായും തകർന്നു. ബസിന്‍റെ മുകളിലും യാത്രക്കാര്‍ കയറിയിരുന്നു. ഡ്രൈവറുടെ ശ്രദ്ധക്കുറവും ആളുകള്‍ ബസിന്‍റെ മുകളില്‍ തിങ്ങിനിറഞ്ഞിരുന്നതുമാവാം അപകടത്തിന് കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ നടുക്കിയ ബസ് അപകടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആവശ്യമായ സഹായം എത്തിക്കാനും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.

Bus AccidentHimacha Pradesh
Comments (0)
Add Comment