ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിര്‍ണായക നീക്കം; വനിതാ ജഡ്ജി അടങ്ങുന്ന പ്രത്യേക ബെഞ്ച്

Jaihind Webdesk
Thursday, September 5, 2024

 

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിത ജഡ്ജിയും അടങ്ങുന്നതാണ് വിശാല ബെഞ്ച്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന തന്റെ ഹര്‍ജി തള്ളിയ ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി തീരുമാനമറിയിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 9ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തീരുമാനം. കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ മാസം ഒമ്പതിന് കേസ് പരിഗണിക്കുന്ന കോടതി വനിതാകമ്മീഷനെയും സ്വമേധയാ കക്ഷിചേര്‍ത്തിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം വന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.