‘തീപിടിത്തം മനുഷ്യനിർമിതമോ?’ ബ്രഹ്മപുരത്ത് ചോദ്യങ്ങളുമായി ഹൈക്കോടതി; വിശദമായ റിപ്പോർട്ട് തേടി

Jaihind Webdesk
Tuesday, March 7, 2023

 

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തം മനുഷ്യനിർമിതമാണോയെന്ന് ഹൈക്കോടതി. കൊച്ചിയിലെ മാലിന്യ സംസ്കരണത്തില്‍ നാളെ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചു. എറണാകുളം ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കോടതി ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നാളെയും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യനി‍ര്‍മിതമാണോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞപ്പോൾ ഇത്തരത്തിലുളള അഗ്നിബാധ രാജ്യത്ത് പലയിടത്തും സംഭവിക്കുന്നുണ്ടെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ഇതിന് മറുപടി നല്‍കി. മാലിന്യം വലിച്ചെറിയുന്നതിന് എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും ബോധവത്കരണവും നടത്തുന്നുണ്ടെന്നുമായിരുന്നു കോര്‍പറേഷന്‍ സെക്രട്ടറിയുടെ മറുപടി. മാലിന്യം തള്ളുന്ന കടകള്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഡിസാസ്റ്റ‍ര്‍ മാനേജ്മെന്‍റ് അതോറിറ്റിയും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തലങ്ങളിലുള്ള സമീപനം ഉദ്ദേശിക്കുന്നുവെന്നും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്ന നിലയില്‍ കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ് ക്യൂറിയേയും നിയമിക്കാമെന്നും അറിയിച്ചു.

വരുന്ന ജൂണ്‍ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സംവിധാനം കാര്യക്ഷമമാക്കണം. നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുതെന്ന് കോര്‍പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിനുവേണ്ടി ഉത്തരവിടാം. പക്ഷെ ഉത്തരവാദിത്വപ്പെട്ടവര്‍ കാര്യക്ഷമമായി കാര്യങ്ങള്‍ നടപ്പാക്കണം. എന്താണ് എങ്ങനെ ആണ് ചെയ്യേണ്ടത് എന്നുള്ള വിശദമായ റിപ്പോര്‍ട്ട് നാളെ നല്‍കണമെന്നും സര്‍ക്കാരിനും കോര്‍പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നി‍ര്‍ദേശം നല്‍കി.