ആര് കൊടിതോരണം സ്ഥാപിച്ചു എന്നത് കോടതിക്ക് വിഷയമല്ല; നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ തുറന്നുപറയണം: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Jaihind Webdesk
Tuesday, March 8, 2022

 

കൊച്ചി : പാതയോരങ്ങളില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊച്ചി നഗരത്തില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പ്രതികരണം.

കൊച്ചിയിൽ നടന്ന സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ വ്യാപകമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാൽ സിപിഎം സമ്മേളനത്തിന്‍റെ സമാപന ദിവസം നടന്ന പൊതുസമ്മേളനത്തിൽ മാടമ്പിമാര്‍ക്ക് ചെങ്കൊടി ഇഷ്ടമല്ലെന്നും അവരുടെ പിന്തുണയോടെയല്ല സിപിഎം ഇവിടെ വരെ എത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നഗരത്തിലെ കൊടികള്‍ പാര്‍ട്ടിക്കാര്‍ തന്നെ കൊണ്ടുപോയതില്‍ സന്തോഷമുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടുനില്‍ക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക താല്‍പര്യങ്ങളില്ലെന്നും നഗരം മോടിപിടിക്കുന്നതിനിടെയാണ് ഇത്തരം പ്രവൃത്തികളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേഷന്‍ അനുമതിക്ക് വിരുദ്ധമായി ഫുട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിച്ചത് എങ്ങനെയെന്നും നിയമലംഘനങ്ങളുടെ നേരെ കോര്‍പ്പറേഷന്‍ കണ്ണടച്ചത് എങ്ങനെയെന്നും കോടതി ചോദിച്ചു. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി തുറന്ന് പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പേടിയില്ലാത്ത ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാത്തതിന് കോര്‍പറേഷന്‍ സെക്രട്ടറിക്കും കോടതിയിൽ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍ നഗരത്തിലെ ബോര്‍ഡുകളും കൊടികളും പൂര്‍ണമായും മാറ്റിയെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഹർജി ഈ മാസം 22 ന് വീണ്ടും പരിഗണിക്കും.