
വൈഷ്ണ സുരേഷ് വിഷയത്തില്‍ സിപിഎമ്മിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വീണ്ടും ഹിയറിങ് നടത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ രംഗത്ത് വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട തിരുവനന്തപുരം കോര്‍പ്പറേഷനെയും കോടതി വിമര്‍ശിച്ചു. കോര്പ്പറേഷന് എന്താണ് ഇതില്‍ കാര്യമെന്നും അനാവശ്യമായി ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.