കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ഭരണകക്ഷിയിൽ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി. ലൈഫ് മിഷൻ കോഴ കേസിൽ ശിവശങ്കറിന്‍റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം. ലൈഫ് മിഷൻ കേസിൽ സ്വപ്നാ സുരേഷിനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.
ജാമ്യം ലഭിച്ചാൽ ശിവശങ്കര്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. കേരളത്തിലെ ഭരണകക്ഷിയില്‍ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ടെന്നും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും അടുപ്പമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. അറസ്റ്റിനും ജയില്‍ വാസത്തിനും ശേഷം സര്‍ക്കാരിലെ സുപ്രധാന പദവിയില്‍ ശിവശങ്കര്‍ തിരിച്ചെത്തിയത് ഓര്‍ക്കണമെന്ന് ഉത്തരവിലുണ്ട്. വിരമിക്കുന്നതുവരെ ശിവശങ്കര്‍ ഈ തസ്തികയില്‍ ഉണ്ടായിരുന്നു. ശിവശങ്കറിന്‍റെ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇത്. മുമ്പ് ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടപ്പോഴും ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും അത് ബാധിച്ചില്ലെന്നതും ശിവശങ്കറിന്‍റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തളളിയിരുന്നു. അതേസമയം ലൈഫ് മിഷന്‍ കേസില്‍ സ്വപ്നാ സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണ സംഘത്തോടും കോടതി ചോദിച്ചു. സ്വപ്നയടക്കമുളള പ്രതികളുടെ സജീവ ബോധ്യമായിട്ടും നടപടിയുണ്ടാകാത്തത് ആശ്ചര്യപ്പെടുത്തുന്നെന്നും കോടതി പറഞ്ഞു.