പി.എസ്.സി. പരീക്ഷ തട്ടിപ്പ് : ഹൈക്കോടതി നിരീക്ഷണം സി.ബി.ഐ. അന്വേഷണത്തിന്റെ അനിവാര്യയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : എസ്.എഫ്.ഐ. നേതാക്കള്‍ക്ക് പി.എസ്.സി.യില്‍ ഉന്നത റാങ്ക് കിട്ടിയ സംഭവത്തില്‍ പി.എസ്.സി.യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത കോടതി നിരീക്ഷണം സി.ബി.ഐ. അന്വേഷണത്തിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഉന്നത ബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്നുവെന്ന കോടതി നിരീക്ഷണവും പരീക്ഷ നടത്തിപ്പിലെ പി.എസ്.സി.യുടെ ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് അതീവ ഗൗരവമുള്ള സ്ഥിതിയാണ്. പി.എസ്.സി. ചെയര്‍മാന്‍ ഉടന്‍ രാജിവയ്ക്കണം. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.

മുന്‍ കാലങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ പിഎസ്.സി. പട്ടികയില്‍ കയറിപ്പറ്റിയോ എന്നത് പരിശോധിക്കേണ്ടിരിക്കുന്നു. മുഖ്യമന്ത്രി ആദ്യമേ വെള്ളപൂശിയ ഈ ക്രമക്കേട് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കുന്നത് ഉചിതമാകില്ല. സമഗ്ര അന്വേഷണം വേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ യു.ഡി.എഫ്. ആദ്യമേ ഉന്നയിച്ച സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യകത അനിവാര്യമായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Comments (0)
Add Comment